ചൈനീസ് താരത്തോട് തോൽവി, ജർമ്മൻ ഓപ്പൺ സൂപ്പർ ബാഡ്മിന്റണിൽ നിന്നും പിവി സിന്ധു പുറത്ത്
ജർമ്മൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിലെ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയോടെ പിവി സിന്ധു പുറത്ത്. ചൈനയുടെ ഷാങ് യി മാനോടാണ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി താരത്തിന്റെ മടക്കം.
2019 ലെ ലോക ചാമ്പ്യനായ സിന്ധു 55 മിനിറ്റ് നീണ്ട മത്സരത്തിൽ ഷാങ്ങിനോട് 14-21 21-15 14-21 എന്ന സ്കോറിനാണ് തോറ്റുമടങ്ങിയത്. ആദ്യ സെറ്റ് ചൈനീസ് താരത്തിന് അടിയറവ് പറഞ്ഞെങ്കിലും രണ്ടാം സെറ്റിൽ രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യൻ താരം മികച്ച രീതിയിൽ തിരിച്ചെത്തിയെങ്കിലും മൂന്നാം സെറ്റിൽ കാര്യമായ പോരാട്ടമില്ലാതെ പരാജയപ്പെടുകയായിരുന്നു.
അടുത്തയാഴ്ച്ച നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ മത്സരാർഥികളിലൊരാളായ സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഇത് യൂറോപ്യൻ ലെഗിന്റെ നിരാശാജനകമായ തുടക്കമാണ്.