അയൽപോര്, പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. തങ്ങളുടെ അവസാന ഹോം മത്സരത്തിൽ ടോട്ടനത്തിനെതിരെ 2-3 ന് തോറ്റതിന് ശേഷം സ്വന്തം തട്ടകത്തിൽ വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് പെപ് ഗ്വാർഡിയോളയുടെ നീലപ്പടയുടെ ലക്ഷ്യം.
കിരീട പോരാട്ടം കനക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നും ജയിച്ചേ മതിയാകൂ. പേപ്പറിൽ നിലവിലെ ജേതാക്കൾക്കാണ് മുൻതൂക്കമെങ്കിലും മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡ് പുറത്തെടുക്കാറുള്ള പോരാട്ട വീര്യം ഗ്വാർഡിയോളയ്ക്ക് തള്ളിക്കളയാനാവില്ല. പ്രീമിയർ ലീഗ് കിരീടത്തിനായി വാശിയോടെ മുന്നോട്ടു വരുന്ന ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം നിലവിൽ വെറും മൂന്ന് പോയിന്റ് മാത്രമാണ്. അതിനാൽ ഇന്നും ജയിച്ച് ആ ലീഡ് നിലനിർത്താനാവും സിറ്റി ശ്രമിക്കുക.
മറുവശത്ത് സ്ഥിരതയില്ലായ്‌മയാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റിഡിനെ പിന്നോട്ടടിച്ചത്. പോയ വർഷം ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചെകുത്താൻമാർ ഇത്തവണ നാലാം സ്ഥാനത്ത് പോലും എത്തുമോ എന്ന സംശയത്തിലാണ്. അവസാന മത്സരത്തിൽ ദുർബലരായ വാറ്റ്ഫോർഡിനോട് വരെ ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.
അതിനാൽ നാലാം സ്ഥാനത്ത് തുടരാൻ ഇന്ന് ടീമന് ജയം അനിവാര്യമാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് ഡർബി നടക്കുക.






































