യൂറോപ്പയിൽ നിന്നും ബൊറൂസിയ ഡോർട്ട്മുണ്ട് പുറത്ത്, റേഞ്ചേഴ്‌സ് അടുത്ത റൗണ്ടിൽ
യുവേഫ യൂറോപ്പ ലീഗിൽ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ട് പുറത്താക്കി സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സ്. ഇരുപാദങ്ങളിലുമായി 6-4 ന്റെ ദയനീയ തോൽവിയാണ് ജർമൻ വമ്പൻമാർക്ക് നേരിടേണ്ടി വന്നത്.
ആദ്യപാദത്തിൽ 4-2 ന്റെ വിജയം സ്വന്തമാക്കിയ റേഞ്ചേഴ്‌സ് രണ്ടാം പാദത്തിൽ സ്വന്തം തകട്ടകത്തിലും ഡോർട്ട്മുണ്ടിനെതിരെ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജെയിംസ് ട്രവനിയെറിന്റെ ഇരട്ട ഗോളാണ് യൂറോപ്പ ലീഗിന്റെ അവസാന 16-ൽ ഇടം കണ്ടെത്താൻ റേഞ്ചേഴ്‌സിനെ സഹായിച്ചത്. 22, 57 മിനിറ്റുകളിലായിരുന്നു താരം വല കുലുക്കിയത്.
അതേസമയം 31-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം, 42-ാം മിനിറ്റിൽ ഡോൻയെൽ മലെൻ എന്നിവരുടെ ഗോളുകളാണ് രണ്ടാംപാദത്തിൽ സമനില പിടിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെ സഹായിച്ചത്. സൂപ്പർ താരം എർലിംഗ് ഹാലണ്ട് പരിക്കേറ്റ് കളിക്കാനിറങ്ങാതിരുന്നതും ജർമൻ ക്ലബിന് തിരിച്ചടിയായി.






































