ഇഞ്ചുറി ടൈമിലെ സെൽഫ് ഗോളിൽ ആഴ്‌സണലിന് ജയം, ടോപ്പ് ഫോറിലേക്ക് അടുത്ത് ടീം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ ആഴ്‌സണലിന് സർപ്രൈസ് ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടു ഗോളുകൾ മടക്കിയാണ് ഗണ്ണേഴ്‌സ് ഗംഭീര ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ വല കുലുക്കി ഹ്വാങ് ഹീ-ചാൻ വോൾവ്സിനെ മുന്നിലെത്തിച്ചു
ഗോൾ തിരിച്ചടിക്കാനുള്ള ആഴ്‌സണലിന്റെ ശ്രമങ്ങൾ ആണ് എമിറേറ്റ്സ് സ്റ്റേഡിയം പിന്നീട് കണ്ടത്. മാർട്ടിനെലിയും സാക്കയും, ഒഡെഗാർഡും അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും അതു ഗോളാക്കി മാറ്റാൻ മാത്രം അർട്ടേറ്റയുടെ ടീമിനായില്ല. വോൾവ്‌സ് പിന്നീട് പ്രതിരോധത്തിലേക്ക് ആഴ്ന്നതും അവർക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ പകരക്കാരിയി എത്തിയ നിക്കോളാസ് പെപെ ഗണ്ണേഴ്‌സിനെ 82-ാം മിനിറ്റിൽ ഒപ്പമെത്തിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ സെൽഫ് ഗോളിലൂടെ ആഴ്‌സണൽ ജയം കണ്ടു. സ്ട്രൈക്കർ ലകാസെറ്റയുടെ ഷോട്ട് ജോസെ സായുടെ കയ്യിൽ തട്ടി ഗോളാവുകയായിരുന്നു. ജയത്തോടെ നാലാം സ്ഥാനത്തുള്ള യുണൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി ചുരുക്കി അഞ്ചാമതെത്താനും ആഴ്‌സണലിനായി. മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ രണ്ട് കളികൾ കുറച്ചു കളിച്ചതും അവർക്ക് മേൽകൈ നൽകും.






































