മാർച്ച് 26-ന് ഐപിഎല്ലിന് കൊടികയറും, ഔദ്യോഗിക പ്രഖ്യാപനം എത്തി
ഇന്ത്യൻ പ്രീമിയർ ലീഗ് 2022 മാർച്ച് 26-ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ആതിഥേയ ബ്രോഡ്കാസ്റ്ററായ സ്റ്റാറിന്റെ ആവശ്യം അംഗീകരിച്ചാണ് ഇതേ ദിവസം തന്നെ ടൂർണമെന്റ് ആരംഭിക്കാൻ ധാരണയായത്. വ്യാഴാഴ്ച്ച വൈകുന്നേരം ചേർന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
55 മത്സരങ്ങൾ മുംബൈയിലും 15 കളികൾ പൂനെയിലും നടത്താനാണ് തീരുമാനമായിരിക്കുന്നത്. വാങ്കഡെയിൽ 20, ബ്രാബോൺ സ്റ്റേഡിയത്തിൽ 15, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 20, ഒടുവിൽ 15 എണ്ണം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ഗഹുഞ്ചെ ഗ്രൗണ്ടിൽ എന്നിങ്ങനെ നാല് സ്റ്റേഡിയങ്ങളാണ് 2022 ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുക.
കാണികൾക്കും സ്റ്റേഡിയത്തിൽ കളി കാണാനെത്താം എന്നതാണ് ഇത്തവണത്തെ പതിപ്പിന്റെ മറ്റൊരു ആകർഷകമായ കാര്യം. പക്ഷേ മഹാരാഷ്ട്ര സർക്കാരിന്റെ നയമനുസരിച്ച് സ്റ്റേഡിയത്തിന്റെ ശേഷിയുടെ 25 അല്ലെങ്കിൽ 50 ശതമാനം മാത്രമാകുമോ എന്നത് സംബന്ധിച്ച കാര്യങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം തീരുമാനിക്കുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.