പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ആറാട്ട്, ലീഡ്‌സിനെ മുക്കിയത് എതിരില്ലാത്ത 6 ഗോളുകൾക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ തങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രകടനവുമായി ലിവർപൂൾ. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ സിറ്റിക്കു പിന്നാലെ ചെമ്പടയും കുതിക്കുന്നത്.
ലീഡ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നിലവിലെ ചാമ്പ്യൻമാരായ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ചുരുക്കാനും ക്ലോപ്പിന്റെ ടീമിനായി. ഇരട്ടഗോളുകൾ വീതം നേടിയ മുഹമ്മദ് സാല, സാഡിയോ മാനെ എന്നിവരുടെ മികവിലാണ് ലിവർപൂൾ വലിയ ജയം സ്വന്തമാക്കിയത്. പെനാൽറ്റിയിലൂടെയാണ് സാലയുടെ ഇരട്ട ഗോൾ നേട്ടം.
മത്സരത്തിൽ 23 ഷോട്ടുകൾ ഉതിർത്ത ലിവർപൂൾ 15 ഷോട്ടുകൾ ആണ് ലീഡ്‌സ് ഗോൾകീപ്പറിനു നേരെ ഉതിർത്തത്. മാനെയ്ക്കും സാലയ്ക്കും പുറമെ ജോയെൽ മറ്റിപ്പ്, വിർജിൽ വാൻഡെയ്‌ക് എന്നിവരും ലിവർപൂളിനായി വല കുലുക്കി. ഈ വലിയ പരാജയത്തോടെ ലീഡ്‌സ് യുണൈറ്റഡ് തരംതാഴ്ത്തൽ ഭീഷണിയ്ക്ക് അടുത്തായിട്ടുണ്ട്.