അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീ-ക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ 1-1 എന്ന സ്കോറിനാണ് ഇരുടീമും പിരിഞ്ഞത്.
സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ അത്ലറ്റിക്കോ തന്നെയാണ് മത്സരത്തിൽ മികച്ചു നിന്നത്. പന്ത് അധിക നേരം കൈവശംവെച്ചങ്കിലും വേണ്ടത്ര അവസരങ്ങൾ സൃഷ്‌ടിക്കാനോ മികച്ച മുന്നേറ്റങ്ങൾ നടത്താനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. മറുവശത്ത് അത്‌ലറ്റിക്കോ തിമിർത്താടുകയായിരുന്നുവേണം പറയാൻ.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റെനാൻ ലോദിയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡർ ഗോളിലൂടെ ജോ ഫെലിക്‌സാണ് ഡീഗോ സിമിയോണിയുടെ ടീമിനെ മുന്നിലെത്തിച്ചത്. പിന്നീട് രണ്ടു തവണ അത്ലറ്റിക്കോയുടെ ശ്രമങ്ങൾ പോസ്റ്റിൽ അടിച്ചു മടങ്ങിയത് യുണൈറ്റഡിനു ആശ്വാസം ആയി.
ഒരു ഗോളിന് പിന്നിൽ പോയതിനു ശേഷം രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടം കാഴ്ച്ചവെക്കാൻ സന്ദർശകർക്കായി. ആദ്യ പകുതിയിലേതു പോലെ അവസരങ്ങൾ സ്പാനിഷ് ടീം സൃഷ്‌ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. നിർഭാഗ്യം തന്നെയായിരുന്നു അതെന്ന് കണ്ടുനിന്നവരെല്ലാം മനസിൽ പറഞ്ഞു കാണും. അത്രയും ഷോട്ടുകളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്.
അങ്ങനെ റഷ്‌ഫോർഡിന് പകരക്കാരനായി എത്തിയ ആന്റണി എലാങ്ക യുണൈറ്റഡിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു. 80-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നു യുണൈറ്റഡിനു നിർണായക സമനില പിടിക്കാൻ യുവതാരത്തിനായി. റെണാൾഡോ, സാഞ്ചോ, റഷ്ഫോർഡ്, പോഗ്‌ബ എന്നിവരെയൊന്നും കാര്യമായി അനങ്ങാൻ അത്ലറ്റി സമ്മതിക്കാതിരുന്നതാണ് യുണൈറ്റഡിനു തിരിച്ചടിയായത്.