പ്രീമിയർ ലീഗിൽ കിരീട പോരാട്ട ചൂടിൽ ലിവർപൂൾ ഇന്ന് ലീഡ്സിനെതിരെ ഇറങ്ങും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കനക്കുമ്പോൾ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരയ ലിവർപൂൾ ഇന്ന് ലീഡ്സ് യുണൈറ്റഡിനെതിരെ ഇറങ്ങും. ആൻഫീൽഡിൽ ഇന്ന് രാത്രി 1.30നാണ് മത്സരം.
ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാനാണ് ലിവപൂൾ ഇന്നു ശ്രമിക്കുക. അപാര ഫോമിലുള്ള ചെമ്പടയ്ക്ക് ലീഡ്സിനെ അനായാസം മറികടക്കാനാവുമെന്നാണ് ഫുട്ബോൾ പണ്ഡിതൻമാർ വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ലീഡ്സ് അപകടകാരികളാണെന്ന മുന്നറിയിപ്പ് യുഗൻ ക്ലോപ്പ് ടീമിന് നൽകിയിട്ടുണ്ട്.
അതിനു പോന്ന പ്രകടനമാണ് അവസാന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പുറത്തെടുത്തതും. ആദ്യ പകുതിയിൽ 2 ഗോളിന് പിന്നിൽ പോയ ശേഷം രണ്ടാം പകുതിയിൽ വെറും സെക്കൻഡുകളുടെ വ്യത്യാസത്തിൽ 2 ഗോൾ തിരിച്ചടിച്ച് യുണൈറ്റഡിനെ ഞെട്ടിച്ചവരാണ് മാർസെലോ ബീൽസയുടെ ടീം.
എന്നാൽ കണക്കുകളും ഫോമും വെച്ച് നോക്കിയാൽ ലിവർപൂൾ ഏറെ മുന്നിലാണ്. ഇന്നു ജയിച്ച് കിരീട പോരാട്ടത്തിന്റെ മാറ്റുകൂട്ടാനാണ് ക്ലോപ്പിന്റെ ടീം ശ്രമിക്കുക. എന്നാൽ മറുവശത്ത് ഇന്നുകൂടി തോൽവി രുചിച്ചാൽ തരംതാഴ്ത്തൽ ഭീഷണിയിലേക്ക് വരെ ലീഡ്സ് വീണേക്കും. നിലവിൽ 23 പോയിന്റുമായി 15-ാം സ്ഥാനത്താണ് ടീം. മാത്രമല്ല അവസാനത്തെ 4 കളികളിൽ ലീഡ്സിന് ജയവും കണ്ടെത്താനായിട്ടില്ല.