ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി അജിത് അഗാർക്കറും
മുൻ ഇന്ത്യൻ പേസ് ബോളർ അജിത് അഗാർക്കറിനെ സഹ പരിശീലകനായി ഔദ്യോഗികമായി നിയമിച്ച് ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസ്. വ്യാഴാഴ്ച്ച ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പരയ്ക്കുള്ള കമന്റേറ്റിംഗ് ചുമതലകൾ പൂർത്തിയാക്കിയ ശേഷം അഗാർക്കർ ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കായി 288 ഏകദിന വിക്കറ്റുകളും 58 ടെസ്റ്റ് വിക്കറ്റുകളും നേടിയ 44 കാരനായ അജിത് അഗാർക്കർ നേരത്തെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഡൽഹി ഡെയർഡെവിൾസിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
റിക്കി പോണ്ടിംഗിനും ഷെയിന്‍ വാട്സണും പ്രവീൺ ആംറേയ്ക്കുമൊപ്പം അഗാര്‍ക്കറിനെയും സഹ പരിശീലകനായി നിയമിച്ച ഡൽഹി ക്യാപിറ്റൽസ് ഇത്തവണയും വൻ പ്രതീക്ഷകളോടെയാണ് ടൂർണമെന്റിന് എത്തുന്നത്. അതേസമയം മുഹമ്മദ് കൈഫ്, അജയ രാത്ര എന്നിവരുമായുള്ള കരാര്‍ അവസാനിച്ചതായും ഡൽഹി അറിയിച്ചിട്ടുണ്ട്.