ഇന്നു നിർണായകം, ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് ശക്തരായ ഹൈദരാബാദിനെതിരെ
ഐഎസ്‌എൽ ഫുട്ബോളിൽ ആദ്യ നാലിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടും. അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ അവസാന നിമിഷം ഗോൾ വഴങ്ങി പോയിന്റ് നഷ്ടപ്പെട്ട കൊമ്പൻമാർക്ക് ഇന്ന് വിജയം അനിവാര്യമാണ്.
എന്നാൽ എതിരാളികൾ അത്രയ്ക്ക് ശക്തരായതിനാൽ ജയം പിടിച്ചടക്കാൻ ബ്ലാസ്റ്റേഴ്‌സ് അൽപം വിയർക്കേണ്ടി വന്നേക്കും. കഴിഞ്ഞ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ 3-1ന് വിജയിച്ച ഹൈദരാബാദ് എഫ്‌സി മികച്ച അപാര ഫോമിലുമാണ്. ഇന്ന് വിജയിച്ചാൽ ടൂർണമെന്റിലെ പുത്തൻ ടീമിന് സെമി ഫൈനൽ ഏകദേശം ഉറപ്പിക്കാം.
ഹൈദരാബാദിനെതിരെ തോൽവിയാണ് ഫലമെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ തുലാസിലാവും. ഇന്നലത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയതോടെ മുംബൈ സിറ്റി എഫ്‌സി കൊമ്പൻമാരെ മറികടന്ന് നാലാം സ്ഥാനത്ത് എത്തിയതോടെ കേരള 27 പോയിന്റുമായി അഞ്ചാം സ്ഥാനത്തേയ്ക്ക് ഇറങ്ങി.
ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് പരിക്ക് കാരണം നിശു കുമാർ ഉണ്ടാകില്ല. സസ്പെൻഷൻ കാരണം ഡിയസ്, സന്ദീപ് എന്നിവരും പുറത്തിരിക്കും. എന്നാൽ യുവ പ്രതിരോധ താരമായ ഹോർമിപാം, രാഹുൽ കെപി എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് സൂചന.