തിരിച്ചുവരവ് ഗംഭീരമാക്കി ജോക്കോവിച്ച്, ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജയത്തോടെ തുടക്കം
ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജയത്തോടെ തുടങ്ങി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. കൊവിഡ് വാക്‌സിനേഷൻ എടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ട സെർബിയൻ താരം ഈ വിവദത്തിനു ശേഷം ആദ്യമായാണ് കളിക്കാനിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.
ദുബായ് ഓപ്പണിൽ ഇറ്റാലിയൻ കൗമാര താരം ലോറെൻസോ മുസെറ്റിയെ 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ടെന്നീസിലേക്കുള്ള തന്റെ തിരിച്ചുവരവ് നൊവാക് ജോക്കോവിച്ച് കുറിച്ചിരിക്കുന്നത്.
എമിറേറ്റ്‌സിൽ തന്റെ ആറാം കിരീടം ലക്ഷ്യമാക്കി ആദ്യ റൗണ്ടിനിറങ്ങിയ താരത്തെ നിറഞ്ഞ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിൽ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളികൾ കൊണ്ടാണ് കാണികൾ വരവേറ്റത്. കഴിഞ്ഞ മാസം മെൽബണിൽ നടന്ന പത്താമത് ഓസ്‌ട്രേലിയൻ ഓപ്പണും 21-ാമത് ഗ്രാൻഡ് സ്ലാമും നേടാനുള്ള 34-കാരന്റെ പ്രതീക്ഷകളാണ് കൊവിഡ് വാക്‌സിൻ എടുക്കാത്തതിനെ തുടർന്ന് തകർന്നത്.
എന്നാൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ പ്രവേശിക്കുന്നതിന് കൊറോണ വൈറസ് വാക്‌സിൻ ആവശ്യമില്ലാത്തതിനാലാണ് ജോക്കോവിച്ചിന് ദുബായിൽ കളിക്കാൻ അവസരം ഒരുങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ മാഡ്രിഡിൽ നടന്ന ഡേവിസ് കപ്പ് ഫൈനലിലാണ് ജോക്കോവിച്ച് അവസാനമായി കളിക്കാനിറങ്ങിയത്.