ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ഇന്ന് ഫ്രഞ്ച് പരീക്ഷ
ചാമ്പ്യൻസ് ലീഗിലെ നിലവിലെ ജേതാക്കളായ ചെൽസി ഇന്ന് ഫ്രഞ്ച് ലീഗ് വൺ ടീം ലില്ലെയുമായി കൊമ്പുകോർക്കും. പ്രീ-ക്വാർട്ടർ മത്സരത്തിൽ ആദ്യപാദത്തിൽ ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് ഫ്രഞ്ച് ചാമ്പ്യൻമാരെ നേരിടുക.
ഗോളടി വീരൻമാരെല്ലാം ടീമിലുണ്ടെങ്കിലും വലകുലുക്കാൻ പ്രയാസപ്പെടുന്ന ചെൽസിയെയാണ് കഴിഞ്ഞ കുറെ മത്സരങ്ങളിലായി കാണാനാവുന്നത്. എങ്കിലും നിലവിൽ എല്ലാ ടൂർണമെന്റുകളിലുമായി അഞ്ച് മത്സരങ്ങളിൽ പരാജയമറിയാതെയാണ് നീലപ്പടയുടെ വരവ്. റൊമേലു ലുക്കാക്കുവിന്റെ മോശം ഫോമാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്‍നം.
കടുത്ത പോരാട്ടം നടന്ന ഗ്രൂപ്പ് ജിയിൽ റാങ്കിംഗിൽ ഒന്നാമതെത്തിയാണ് പോയ സീസണിലെ ലീഗ് 1 ചാമ്പ്യന്മാരായ ലില്ലെയുടെ വരവ്. എന്നാൽ സ്വന്തം ടൂർണമെന്റിൽ വളരെ മോശം പ്രകടമാണ് ടീം കാഴ്ച്ചവെക്കുന്നത്. സ്ഥിരതയില്ലായ്‌മ ഇത്തവണ ലില്ലെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കാനും സാധ്യതയില്ല.
ഇതിനു മുമ്പ് 2019-20 സൂസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ചെൽസിയും ലില്ലെയും നേർക്കുനേർ വന്നപ്പോൾ പ്രീമിയർ ലീഗ് ടീമിനൊപ്പമായിരുന്നു വിജയം. ഇന്ന് രാത്രി 1.30നാണ് മത്സരം.