വിൽഷെയറിനു ക്ലബായി, ഡാനിഷ് ടീം ആർഹസൽ താരവുമായി കരാറിലെത്തി
ഡാനിഷ് ടീമായ ആർഹസിൽ ചേർന്ന് ജാക്ക് വിൽഷെയർ. സീസൺ അവസാനം വരെ നീളുന്ന കരാറിലാണ് മുൻ ആഴ്‌സണൽ മിഡ്ഫീൽഡർ ഒപ്പുവെച്ചിരിക്കുന്നത്. കരിയറിൽ പരിക്ക് കാരണം വലിയ തിരിച്ചടികൾ നേരിട്ട താരം കഴിഞ്ഞ കുറെ മാസങ്ങളായി മുൻ ക്ലബ് ആഴ്‌സണലിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.
ആഴ്‌സണലിലൂടെ ലോകോത്തര താരമായി ഒരുകാലത്ത് പേരെടുത്ത വിൽഷെയറിന്റെ കരിയർ നശിച്ചതു തന്നെ വിടാതെ പിടിച്ച പരിക്കുകൾ കാരണമാണ്. തുടർന്ന് ഗണ്ണേഴ്‌സ് കൈവിട്ട താരം വെസ്റ്റ് ഹാം, ബോർൺമൗത്ത് ടീമുകളിൽ എത്തിയെങ്കിലും പഴയ മികവിലേക്ക് ഉയരാൻ ജാക്ക് വിൽഷെയറിന് ഒരിക്കലും സാധിച്ചിരുന്നില്ല.
തുടർന്ന് പരിക്കിൽ നിന്നു മടങ്ങിയെത്തിയ താരത്തിന് ആഴ്‌സണൽ പരിശീലനത്തിനും മറ്റുമുള്ള അവസരം ഒരുക്കുകയായിരുന്നു. 30 കാരനായ മുൻ ഇംഗ്ലീഷ് താരത്തിന് ഡെൻമാർക്കിൽ മികവ് കാണിക്കാൻ ആവുമോ എന്നു കണ്ടറിയണം. മാത്രമല്ല 2021 മെയ് മുതൽ വിൽഷെയർ ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ആഴ്‌സണൽ യൂത്ത് അക്കാദമിയിലൂടെയുള്ള ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് വിൽഷെയർ ആഴ്‌സണൽ ടീമിൽ എത്തുന്നത്. 2008-ൽ ഗണ്ണേഴ്‌സിനായി താരം അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ട് താരം ക്ലബ്ബിനായി ഏകദേശം 200 മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്.