കിരീട പോരാട്ടം അവസാനിച്ചുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഗ്വാർഡിയോള
കിരീട പോരാട്ടം അവസാനിച്ചുവെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ സിറ്റി ഓരോ മത്സരത്തിലും ശരിക്കും പോരാടേണ്ടിവരുമെന്ന് പെപ് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച്ച ടോട്ടനമിനോട് നടന്ന ഹോം മാച്ചിൽ 3-2 തോൽവി ഏറ്റുവാങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരുടെ ലീഡ് ആറ് പോയിന്റായി ചുരുങ്ങി.
ഗ്വാർഡിയോളയുടെ ടീമിന് ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ കളിക്കാൻ 12 മത്സരങ്ങളാണ് ബാക്കിയുള്ളത്. തന്റെ ടീമിന് കിരീടത്തിലേക്കുള്ള യാത്ര എളുപ്പമല്ലെന്ന് പരിശീലകൻ തറപ്പിച്ചുപറയുന്നു. തുടർച്ചയായ 13 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് സിറ്റി അന്റോണിയോ കോണ്ടെയുടെ ടീമിനെതിരെ ഏറ്റുമുട്ടിയത്.
വെറും നാല് മിനിറ്റിനുള്ളിൽ ഡെജൻ കുലുസെവ്‌സ്‌കി സന്ദർശകർക്കായി ലീഡ് നേടി. എന്നാൽ പകുതി സമയത്തിന് മുമ്പ് ഇൽകെ ഗുണ്ടോഗൻ സിറ്റിക്കായി സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ സ്പർസിന്റെ ലീഡ് രണ്ടായി ഉയർത്തിയെങ്കിലും കിട്ടിയ പെനാൽറ്റി മുതലാക്കി റിയാദ് മഹ്‌റെസിലൂടെ മാഞ്ചസ്റ്റർ സിറ്റി തിരികെ എത്തുകയായിരുന്നു
എന്നാൽ സ്റ്റോപ്പേജ് ടൈമിൽ ഇംഗ്ലണ്ട് സ്‌ട്രൈക്കർ വിജയം കൈപ്പിടിലാക്കി കൊണ്ട് സിറ്റിയുടെ വലകുലുക്കുകയായിരുന്നു. തോൽവിയോടെ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം ആറായി ചുരുങ്ങി. സിറ്റിയേക്കാൾ ഒരു മത്സരം കുറവു കളിച്ച മുൻതൂക്കവും ചെമ്പടയ്ക്കുണ്ട്.