ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജോക്കോവിച്ച് തിരിച്ചെത്തും
കൊവിഡ് വാക്‌സിനേഷൻ എടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ട നൊവാക് ജോക്കോവിച്ച് ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ തിരിച്ചെത്തും. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയുമായാണ് സെർബിയൻ താരം ഏറ്റുമുട്ടുക.
ലോക ഒന്നാം നമ്പർ താരത്തിന്റെ വാക്സിനേഷൻ നിലയെക്കുറിച്ച് സംഘാടകർക്ക് ആശങ്കയില്ലെന്ന് ദുബായ് ടൂർണമെന്റ് ഡയറക്ടർ സലാഹ് തഹ്‌ലക് പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുകയാണ്. ടെന്നീസിലെ കാണികൾ മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ടൂർണമെന്റ് സംഘാടകർ അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചിട്ടുമുണ്ട്.
ടോപ് സീഡ് ജോക്കോവിച്ച് ലോക 57-ാം നമ്പർ മുസെറ്റിയെ തോൽപ്പിച്ചാൽ റഷ്യയുടെ കാരെൻ ഖച്ചനോവിനെയോ ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗറിനെയോ ആയിരിക്കും ദുബായ് ഓപ്പണിന്റെ അടുത്ത റൗണ്ടിൽ നേരിടുക. ടോപ്-10 താരങ്ങളായ ആൻഡ്രി റൂബ്ലെവ്, ഫെലിക്‌സ് ഓഗർ-അലിയാസിം, ജാനിക് സിന്നർ എന്നിവരും പങ്കെടുക്കുന്ന ടൂർണമെന്റ് തിങ്കളാഴ്ച്ചയാണ് ആരംഭിക്കുക.