സെമി സാധ്യത നിലനിർത്താൻ ഇന്ന് നിർണായകം, ഐഎസ്‌എല്ലിൽ ബെംഗളൂരു ഒഡീഷ പോരാട്ടം ഇന്ന്
ഐഎസ്‌എൽ ഫുട്ബോളിൽ ഇന്ന് ബെംഗളൂരു എഫ്‌സിയും ഒഡീഷയും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ പ്രതീക്ഷകൾ കാക്കാൻ ജയം വേണമെന്ന അവസ്ഥയിലാണ് ഇരുടീമും ഇന്ന് കളിക്കാനിറങ്ങുക.
17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തും 17 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്. അതിനാൽ തന്നെ ഇരു ടീമുകളുടെയും സെമി ഫൈനൽ സാധ്യതകൾ മറ്റ് ടീമുകളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണെങ്കിലും സാധ്യതകൾ അവസാനം വരെ നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്.
അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് മാർക്കോ പെസായുവോളിയുടെ ബെംഗളൂരു ഇന്ന് കളിക്കാനിറങ്ങുന്നത്. അതേസമയം മറുവശത്ത് ഒഡീഷ എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 2-2 സമനിലയും വഴങ്ങി. അവസാന മൂന്ന് മത്സരങ്ങളിലും ഒഡീഷയ്ക്ക് ജയിക്കാനായിട്ടില്ല. ഗോവയിലെ പനാജിയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-നാണ് മത്സരം.