ഒടുവിൽ ജയം, ബ്രൈറ്റണെ തകർത്ത് യുണൈറ്റഡ് വീണ്ടും നാലാം സ്ഥാനത്ത്
മൂന്നു മത്സരങ്ങൾക്ക് ശേഷം ജയം കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ബ്രൈറ്റണെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റാഗ്നിക്കിന്റെ ടീം തകർത്തുവിട്ടത്. മത്സര ഫലം ചുവന്നപടയ്ക്കാണ് അനുകൂലമെങ്കിലും മികച്ചു നിന്നത് ബ്രൈറ്റൺ തന്നെയാണ്.
യുണൈറ്റഡ് എല്ലാ കളിയിലേയും പോലെ തന്നെ അലസമാർന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. 2022-ൽ ഗോളില്ലാ എന്ന് വിമർശിച്ചവർക്ക് ഒരുശിരൻ മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞു. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സ്വന്തം കാണികൾ വരെ മൂക്കത്ത് കൈവെച്ചു കാണും.
പന്തടക്കത്തിലും അവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും ബ്രൈറ്റൺ മുന്നിട്ടു നിന്നപ്പോൾ തേൽവിയോ സമനിലയോ മാത്രമാണ് യുണൈറ്റഡിന് സ്വപ്നം കാണാൻ സാധിച്ചിരുന്നത്. എന്നാൽ രണ്ടാം പകുതിയുടെ 51-ാം മിനിറ്റിൽ ഒരു കിടിലൻ ഗോളിലൂടെ റൊണാൾഡോ ചെകുത്താൻമാരെ മുന്നിലെത്തിച്ചു. ഇതിനു പിന്നാലെ 54-ാം മിനിറ്റിൽ ബ്രൈറ്റൺ ഡിഫൻഡർ ഡങ്ക് ചുവപ്പ് കണ്ട് പുറത്തായതും ടീമിന് തുണയായി.
10 പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ പരീക്ഷിക്കാൻ ബ്രൈറ്റണ് ആയത് യുണൈറ്റഡിന് ഏറെ നിരാശയുളവാക്കി. ഗോളടിക്കാൻ ബ്രൈറ്റൺ താരങ്ങൾ ഓടിയടുത്തെങ്കിലും എന്തൊക്കെയോ ഭാഗ്യങ്ങളും ഗോൾ കീപ്പർ ഡിഹെയയുടെ മിന്നും സേവുകളും യുണൈറ്റഡിനെ പിടിച്ചുനിർത്തി.
ഒടുവിൽ 96-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്ററിന് ജയം സമ്മാനിക്കുകയായിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയിൽ വെസ്റ്റ് ഹാമിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി.