ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ
ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. മൻവിർ സിങിന്റെ ഇരട്ട ഗോളുകളാണ് കരുത്തരായ എടികെയ്ക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ കളിയുടെ ഗതി നിർണയിച്ച് മൻവിർ സിങ് ഗോവൻ വല കുലുക്കി. പിന്നീട് രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ മോഹൻ ബഗാന്റെ വിജയ ഗോൾ മൻവിർ സിങ് നേടി. മത്സരത്തിനു മുന്നേ തന്നെ കൊവിഡ് ബാധിതമായി ഗോവൻ പോരാട്ടം ചോർന്നിരുന്നെങ്കിലും മത്സരത്തിലെ പന്തടക്കത്തിൽ ഗോവൻ പടയായിരുന്നു മുന്നിട്ടു നിന്നത്.
മത്സരത്തിൽ 71 ശതമാനവും പന്ത് കൈവശം വെച്ച എഫ്സി ഗോവ 16 ഷോട്ടുകളാണ് തുടുത്തത്. മൊത്തം 559 പാസുകൾ പൂർത്തിയാക്കിയെങ്കിലും ഗോൾ നേടാൻ മാത്രം ഓറഞ്ച് പടയ്ക്കായില്ല. ഫിനിഷിങിലെ പോരായ്മയാണ് ടീമിന് തിരിച്ചടിയായത്. അതേസമയം കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കാനും എടികെയ്ക്ക് സാധിച്ചു.
ജയത്തോടെ 15 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി മോഹന്‍ ബഗാന് രണ്ടാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദാണ് ഒന്നാമത്. 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതുണ്ട്. അതേസമയം ഇന്നത്തെ തോൽവിയോടെ 17 കളികളിൽ നിന്നായി 18 പോയിന്റ് മാത്രമുള്ള ഗോവയുടെ സെമി സാധ്യതകൾ മങ്ങി.