പൊച്ചറ്റീനോ യുണൈറ്റഡിൽ എത്തിയാൽ ക്ലബിലെത്താൻ ഹാരി കെയ്‌നും താത്പര്യം
വരുന്ന സീസണിൽ അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പൊച്ചറ്റീനോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താൽ ടീമിലേക്ക് എത്തുന്നത് വമ്പൻ മാറ്റങ്ങളെന്ന് സൂചന. അടുത്ത സീസണിൽ മുൻനിര താരങ്ങളെയാകും ക്ലബ് ടീമിലെത്തിക്കുക.
ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ മൗറീഷ്യോ പൊച്ചറ്റീനോയുമായി വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് സ്പർസിൽ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ ഇംഗ്ലണ്ട് ക്യാപ്റ്റനിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നിലവിലെ പിഎസ്‌ജി പരിശീലകനറിയാം. മാത്രമല്ല എഡിസൺ കവാനി സീസൺ അവസാനത്തോടെ ടീം വിടുമെന്ന് ഉറപ്പായതോടെ കെയ്‌ൻ മികച്ച പകരക്കാരനാവും.
മാത്രമല്ല, പൊച്ചറ്റീനോയുടെ കീഴിൽ ഹാരി കെയ്ൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നതും. താരത്തിനും ടോട്ടനം വിടാൻ താത്പര്യമുണ്ട്. ഈ സീസൺ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറ്റം നടത്താൻ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും പാളിപോവുകയായിരുന്നു. തന്റെ കരിയറിൽ ഇതുവരെ ട്രോഫികളൊന്നും നേടാൻ സാധിക്കാതിരുന്ന ഹാരി കെയ്ൻ യുണൈറ്റഡിൽ എത്തുന്നത് ഇരുകൂട്ടർക്കും മെച്ചമായിരിക്കും.
എന്നാൽ പൊച്ചറ്റീനോയെ മുഖ്യ പരിശീലകനായി നിയമിച്ചാൽ മാത്രമേ ഈ നീക്കങ്ങൾ നടക്കൂ. എർലിംഗ് ഹാലാൻഡിനെയും സ്ട്രൈക്കർ താരങ്ങളുടെ ചുരുക്ക പട്ടികയിലേക്ക് യുണൈറ്റഡ് ചേർത്തിട്ടുണ്ട്.