ഐഎസ്എല്ലിൽ ഇന്ന് എഫ്സി ഗോവ എടികെ മോഹൻ ബഗാനെതിരെ
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് എഫ്സി ഗോവ എടികെ മോഹൻ ബഗാനെതിരെ ഇറങ്ങും. ഇന്നത്തെ മത്സരത്തിന് മുമ്പുള്ള കൊവിഡ് ടെസ്റ്റിന് ശേഷമാകും ഇന്നത്തെ കളി നടക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കുക.
ഗോവൻ സ്ക്വാഡിൽ കൊവിഡ് വ്യാപനം ഉണ്ടായതിന്റെ ഭീതി വിട്ടുമാറിയിട്ടില്ല. കാര്യങ്ങൾ അനിശ്ചിതാവസ്ഥയിൽ ആണെങ്കിലും ഇന്നത്തെ മത്സരത്തിന് ടീമിന് ഇറങ്ങാതെയും ജയിക്കാതെയും വയ്യ. എഫ്സി ഗോവയുടെ ക്യാമ്പിൽ ഏഴ് പേർക്കാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ മത്സരത്തിനിറങ്ങാനുള്ള താരങ്ങൾ ഗോവയ്ക്ക് ഉണ്ട്. സെമി സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യവുമാണ്. എന്നാൽ മറുവശത്ത് ജയിച്ചാൽ ഐഎസ്എൽ പോയിന്റെ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനൊപ്പം എത്താനുമുള്ള അവസരമാണ്.
16 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് മാത്രമുള്ള എഫ്സി ഗോവ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. ഇന്നു മോഹൻ ബഗാനെ അട്ടിമറിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ വിദൂരത്തെങ്കിലും നിർത്താൻ സാധിക്കൂ. ഫലം മറിച്ചാണെങ്കിൽ സെമി കാണാതെ ടീം പുറത്താവുന്ന സാഹചര്യമാവും ഉണ്ടാവുക.