ഭൂതകാലത്തിലെ ചെകുത്താൻമാർ, ഇന്ന് ആർക്കും ഭയമില്ലാത്ത യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നുകേട്ടാൽ എതിർ ടീമികളെല്ലാം വിറയ്ക്കുന്നൊരു കാലമുണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായകൻമാരായ ഫെർഗൂസണിന്റെ കാലത്തെ ചുവന്ന ചെകുത്താൻമാരായിരുന്നു അവർ. എന്നാൽ ഇന്നാകട്ടെ നേരെ തിരിച്ചാണ് കാര്യങ്ങളെല്ലാം.
വമ്പൻതാരനിരയെല്ലാം ഉണ്ടായിരുന്നിട്ടും തരംതാഴ്ത്തൽ ഭീഷണിയുള്ള ടീമുകൾ വരെ വന്ന് തോൽപ്പിച്ചിട്ടു പോവുന്ന അവസ്ഥയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്. എന്താണ് പ്രശ്‌നമെന്ന് അറിയാതെ മുന്നോട്ടു പോവുന്ന സീസണാണ് കടന്നു പോവുന്നതും.
കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ഈ സീസൺ തുടക്കത്തിൽ റൊണാൾഡോ, സാഞ്ചോ, വരാൻ തുടങ്ങിയ ലോകോത്തര താരങ്ങൾ വരെ ടീമിലെത്തിയപ്പോൾ യുണൈറ്റഡ് കിരീടം വരെ നേടുമെന്ന് വിശ്വസിച്ച ഫുട്ബോൾ പണ്ഡിറ്റുകൾ വരെ അമ്പരന്ന സീസണാണിത്.
പ്രീമിയർ ലീഗിൽ ടോപ്പ് ഫോറിൽ ഇടംകണ്ടെത്താൻ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽക്കുന്നതിലല്ല, ക്ലബിന്റെ നിലവിലെ അസ്ഥയാണ് ഏവരേയും നിരാശരാക്കുന്നത്. ഭാവി എന്താണെന്ന് അറിയാതെ വലയുമ്പോൾ അടുത്ത സീസണിൽ ലോകോത്തര പരിശീലകൻമാരിൽ ഒരാളെ ടീമിലെത്തിച്ച് ശുദ്ധികലശം നടത്തേണ്ടത് വളരെ അത്യാവിശ്യമാണ്.
താരങ്ങളെയെല്ലാം ഒത്തൊരുമയോടെ കളിപ്പിക്കണമെന്ന വമ്പൻ ടാസ്‌ക്കാണ് അടുത്ത സീസണിൽ ക്ലബിലേക്ക് വരാനിരിക്കുന്ന പരിശീലകന്. ഇനി ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ നിന്നും കൂടി ടീം പുറത്താവുകയും അടുത്ത സീസണിൽ യോഗ്യത നേടാൻ പോവാതെയും വന്നാൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് പ്രയാസപ്പെടും. എന്തായാലും 20 തവണ പ്രീമിയർ ലീഗ് സ്വന്തമാക്കിയിട്ടുള്ള ചെകുത്താൻമാർ പഴയ വീര്യത്തിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.