ഷമിയെ റാഞ്ചി ഗുജറാത്ത്, ഡു പ്ലെസി ഏഴു കോടി രൂപയ്ക്ക് ആർസിബിയിൽ
ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയെ ഐപിഎൽ മെഗാ ലേലത്തിൽ റാഞ്ചി പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലക്നൗ ടീമുകളെ മറികടന്നാണ് പരിചയസമ്പത്തുമായി ഷമി പുത്തൻ ഫ്രാഞ്ചൈസിയിലേക്ക് എത്തുന്നത്.
2 കോടി രൂപയുടെ അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേലത്തില്‍ 6.25 കോടിക്ക് രൂപയ്ക്കാണ് താരം ഗുജറാത്ത് ടീമിന് സ്വന്തമായത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലക്നൗ ടീമുകൾ ഷമിക്കായി രംഗത്തെത്തിയെങ്കിലും അവസാനം ടൈറ്റൻസിലേക്കാണ് പേസർ ആക്രമണം നയിക്കാൻ ഇന്ത്യൻ താരം എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ടീമിലും, ഐപിഎല്ലിലും ഏറെ അനുഭവ സമ്പത്ത് ഗുജറാത്തി ടൈറ്റൻസിന് ഗുണമാകും. ഫാഫ് ഡു പ്ലെസിയെ 7 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരമായ ഡി കോക്കിനെ മുംബൈ കൈവിട്ടപ്പോൾ താരം 6.75 കോടി രൂപയ്ക്ക് ലക്നൗവിലേക്ക് ചേക്കേറി.
നേരത്തെ ഡല്‍ഹി ക്യാപ്പിറ്റൽസിനായും സണ്‍ റൈസേഴ്സ് ഹൈദരാബാദിനായും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുനായും ദക്ഷിണാഫ്രിക്കൻ താരമായ ഡി കോക്ക് ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.