ലീഗ് വണ്ണിൽ ഇഞ്ചുറി ടൈം ഗോളിൽ റെന്നസിനെ കീഴടക്കി പിഎസ്ജി
വെള്ളിയാഴ്ച്ച നടന്ന ലീഗ് വൺ മത്സരത്തിൽ റെന്നസിനെ 1-0ന് തോൽപ്പിച്ച് പിഎസ്ജി. കെലിയൻ എംബാപ്പെയുടെ ഇഞ്ചുറി ടൈം ഗോളിലാണ് മുൻ ചാമ്പ്യൻമാരുടെ വിജയം.
പാർക് ഡെസ് പ്രിൻസസിൽ അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് ഫ്രഞ്ച് താരത്തിന്റെ ഗോൾ പിറന്നത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ മാർസെയുമായുള്ള ലീഡ് 16 പോയിന്റാക്കി ഉയർത്താനും പിഎസ്ജിക്കായി.
എന്നാൽ റെന്നസിനെതിരായ മത്സരത്തിൽ പിസ്ജി നേടിയ വിജയ ഗോൾ മാത്രമാണ് ആശ്വാസിക്കാൻ വക നൽകുന്നത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ചാമ്പ്യൻമാരായ റയൽ മാഡ്രിനെതിരെ ഇറങ്ങുമ്പോൾ ജയിക്കാൻ ഈ പ്രകടനം മതിയാവില്ല. കളിയിൽ സമ്പൂർണ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ആകെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് മൗറീഷ്യോ പോച്ചെട്ടിനോയുടെ ടീമിന് ഉതിർക്കാനായത്.
ബാക്കിയെടുത്ത 12 ഷോട്ടുകളും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ഏറെ മുന്നിലുള്ള പിഎസ്ജി ഈ സീസണിലെ കിരീടം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ടൂർണമെന്റിൽ ഇതുവരെ ഒരു തോൽവി മാത്രമാണ് പിഎസ്ജി നേരിട്ടത്.