ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി സുനിൽ ഛേത്രി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ടോപ്പ് സ്കോററായി ഇതിഹാസ താരം സുനിൽ ഛേത്രി. ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ 87-ാം മിനിറ്റിൽ നേടിയ ഗോളോടെയാണ് നായകൻ പുതിയ റെക്കോർഡിന് അർഹനായത്.
ഛേത്രിയുടെ ഐഎസ്എല്ലിലെ ഗോൾ നേട്ടം 50 ആയി. ഇന്ത്യൻ സൂപ്പർ ലീഗിലെ ബർത്തലോമിയോ ഒഗ്ബെച്ചെയുടെ ഗോൾ നേട്ടത്തെ മറികടന്നാണ് ഇന്ത്യൻ നായകൻ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ 49 ഐഎസ്എൽ ഗോളുകളുമായി ഹൈദരാബാദ് എഫ്സിയുടെ ഒഗ്ബെച്ചെ പിന്നാലെയുണ്ടെന്നതും ശ്രദ്ധേയമാണ്.
ബെംഗളുരു എഫ്സിയുടെയും നായകനായ ഛേത്രി തന്റെ നിലവാരത്തിനനുസരിച്ച് ഉയരാത്ത സീസണാണ് കടന്നുപോവുന്നത്. കഴിഞ്ഞ 11 മത്സരങ്ങളിൽ ഒരു ഗോളും നേടാനാവാതെ മോശം ഫോമിലായിരുന്നു താരം. എന്നാൽ പുതിയ റെക്കോർഡോടെ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് സുനിൽ ഛേത്രി.
എന്നാൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഹൈദരാബാദ് എഫ്സി റെക്കോർഡിന്റെ പകിട്ടു കുറച്ചു. 16-ാം മിനിറ്റിൽ ജാവിയർ സിവേരിയോയും 30-ാം മിനിറ്റിൽ ജാവോ വിക്ടറുമാണ് ടീമിനായി ഗോൾ നേടിയത്.