ലെസ്റ്റർ സിറ്റിയെയും തകർത്ത് ലിവർപൂളിന്റെ തേരോട്ടം, ഇരട്ട ഗോളുമായി ജോട്ട
ലെസ്റ്റർ സിറ്റിയെയും തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഇന്നു പുലർച്ചെ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്ലോപ്പിന്റെ ടീമിന്റെ വിജയം.
കളിയിൽ ലിവർപൂളിന്റെ സമ്പൂർണ ആധിപത്യമാണ് കാണാനായത്. സമീപകാലത്ത് ലെസ്റ്റർ സിറ്റിക്ക് എതിരായ മോശം പ്രകടനങ്ങൾക്കുള്ള മറുപടികൂടിയാണ് ഈ ജയം. ആദ്യ പകുതിയുടെ 34-ാം മിനിറ്റിൽ ഡീഗോ ജോട്ടയുടെ ഗോളിലൂടെ ലിവർപൂൾ ലീഡ് നേടി. മത്സരത്തിൽ 65 ശതമാനം പന്ത് കൈവശം വച്ച ലിവർപൂൾ വലിയ മാറ്റങ്ങളും ആയി എത്തിയ ലെസ്റ്റർ സിറ്റിക്ക് എതിരെ 22 ഷോട്ടുകൾ ആണ് ആൻഫീൽഡിൽ ഉതിർത്തത്.
ഇതിന്റെ ഫലമായി കളി അവസാനിക്കാൻ മൂന്ന് മിനുറ്റ് ബാക്കിയുള്ളപ്പോൾ 87-ാം മിനിറ്റിൽ ജോട്ട ലിവർപൂളിന്റെ രണ്ടാം ഗോളും നേടി. ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്നു മടങ്ങിയെത്തിയ മുഹമ്മദ് സലാഹ് ഇന്ന് പകരക്കാരൻ ആയി ഇറങ്ങിയിരുന്നു. എന്തായാലും പോർച്ചുഗീസ് താരം ജോട്ടയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
ഇതിനൊപ്പം പ്രതിരോധത്തിൽ വാൻ ഡെയ്ക്കും മധ്യനിരയിൽ തിയാഗോയും ലിവർപൂളിനായി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജയത്തോടെ ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള പോയിന്റ് വ്യത്യാസം 9 ആയി കുറയ്ക്കാനും ക്ലോപ്പിനും ടീമിനുമായി. തോൽവിയോടെ പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു.