സ്ഥിരം പരിശീലകനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ്, നോട്ടം പോച്ചെട്ടിനോയിൽ
ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് എഡ് വുഡ്‌വാർഡ് വിടവാങ്ങിയതിന് പിന്നാലെ സ്ഥിരം പരിശീലകനായുള്ള അന്വേഷണം ശക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. റിച്ചാർഡ് അർനോൾഡ് വുഡ്‌വാർഡിന് പകരക്കാരനായി സ്ഥാനമേൽക്കുകയും ചെയ്തതോടെയാണ് പുതിയ കോച്ചിനായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.
ക്ലബിലെ ചില കളിക്കാർ മൗറിഷ്യോ പോച്ചെട്ടിനോയെയാണ് ഏറ്റവും സാധ്യതയുള്ള സ്ഥാനാർഥിയായി കരുതപ്പെടുന്നത്. മാത്രമല്ല അർജന്റീനിയൻ പരിശീലകനൊപ്പം പ്രവർത്തിക്കാൻ പല പ്രമുഖ കളിക്കാരും താൽപ്പര്യം പ്രകടിപ്പിച്ചതായുമാണ് വിവരം.
നവംബറിൽ ഒല ഗുണ്ണർ സോൾഷ്യറിനെ പുറത്താക്കിയതിനു ശേഷം ഇന്ററിം മാനേജറായി ഈ സീസൺ അവസാനം വരെ റാൾഫ് റാങ്‌നിക്കിനെയാണ് യുണൈറ്റ് പരിശീലകനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥിരം മാനേജരെ കൊണ്ടുവന്നാൽ ഒരു ഉപദേശക റോൾ ഏറ്റെടുത്ത് റാങ്നിക് ക്ലബ്ബിന്റെ തലപ്പത്തേയ്ക്ക് മാറുകയും ചെയ്യും.
പോച്ചെട്ടിനോ കുറച്ചുകാലമായി യുണൈറ്റഡിന്റെ നിരീക്ഷണത്തിലുണ്ട്. ടോട്ടനത്തിൽ നിന്ന് പുറത്തായ ശേഷം മുൻതാരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിശീലകനെ പിഎസ്‌ജി സ്വന്തമാക്കുകയായിരുന്നു. എന്നാൽ നെയ്‌മർ, മെസി, എംബാപ്പെ തുടങ്ങിയ വമ്പൻ താരനിരയെ ഒന്നിച്ചു കൊണ്ടുപോവുന്നതിൽ പോച്ചെട്ടിനോ പരാജയപ്പെട്ടതോടെ അസ്വസ്ഥനാവുകയായിരുന്നു.
നിലവിൽ പിഎസ്‌ജിയിൽ സംതൃപ്തനല്ലാത്ത മൗറിഷ്യോ പോച്ചെട്ടിനോ സീസൺ അവസാനത്തോടെ ഓൾഡ് ട്രാഫോഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഫ്രഞ്ച് കപ്പിൽ നിന്ന് അപ്രതീക്ഷിതമായി പിഎസ്‌ജി പുറത്തായതിന് പിന്നാലെ പരിശീലകൻ സമ്മർദ്ദത്തിലാണ്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായാൽ പോച്ചെട്ടിനോയെ ടീം പുറത്താക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സിനദീൻ സിദാൻ പകരക്കാരനായി ഫ്രഞ്ച് ടീമിന്റെ അമരത്ത് എത്തുകയും യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും.