ത്രില്ലർ പോരാട്ടത്തിൽ ടോട്ടനത്തിനെ മലർത്തിയടിച്ച് സതാംപ്‌ടൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ്പ് 4 ഫിനിഷിലേക്കുള്ള പോരാട്ടത്തിൽ കാലിടറി ടോട്ടനം ഹോട്‌സ്പർ. ആവേശകരമായ ത്രില്ലർ മാച്ചിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സതാംപ്‌ടണിനെതിരെയാണ് അന്റോണിയോ കോന്റെയുടെ ടീമിന്റെ തോൽവി.
ടോട്ടൻഹാം പരിശീലകനായി സ്വന്തം മൈതാനത്ത് കോന്റെയ്ക്ക് ലഭിക്കുന്ന ആദ്യ തോൽവിയാണിത്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും എല്ലാം ടോട്ടനത്തിന് മുകളിലായിരുന്നു സതാംപ്‌ടൺ എന്നതും മത്സരത്തിന്റെ അഴകായിരുന്നു. ആദ്യം 18-ാം മിനിറ്റിൽ യാൻ ബെഡ്നർക്കിന്റെ സെൽഫ് ഗോളിലൂടെ സ്പർസാണ് മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റുകൾക്ക് ശേഷം അർമാൻഡോ ബ്രോജ സതാംപ്‌ടൺ ഒപ്പമെത്തി.
ആദ്യ പകുതി 1-1 എന്ന സ്കോറിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയാണ് ആവേശംകൊള്ളിച്ചത്. 70-ാം മിനിറ്റിൽ ലൂകാസ് മൗരയുടെ പാസിൽ നിന്നു ഗോൾ നേടി സോൺ ടോട്ടനത്തിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ പോരാട്ടവീര്യം കെടാത്ത സതാംപ്‌ടൺ 9 മിനിറ്റുകൾക്കുള്ളിൽ മുഹമ്മദ് എൽനൗസി ഹെഡറിലൂടെ സമനില പിടിച്ചു. വീണ്ടും 82-ാം മിനിറ്റിൽ ചെ ആഡംസിലൂടെ വിജയ ഗോൾ നേടി സതാംപ്ടൺ വിജയം കുറിക്കുകയായിരുന്നു.
ടോട്ടനത്തിന്റെ തോൽവി ആഴ്‌സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ആശ്വാസമേകിയിട്ടുണ്ട്. നിലവിൽ 21 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ടോട്ടനം. ഇത്രയും കളികളിൽ നിന്നും ഇതേ പോയിന്റുമായി ആഴ്സണൽ ആറാമതും 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി യുണൈറ്റഡ് അഞ്ചാമതുമാണ്.