വിജയ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി, ബ്രന്റ്ഫോർഡിനെ തകർത്തത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നോട്ടു കുതിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് രണ്ടാം സ്ഥാനക്കാരായ ലിവർപൂളുമായുള്ള ലീഡ് 12 പോയിന്റാക്കി മാറ്റാനും നിലവിലെ ചാമ്പ്യൻമാർക്കായി.
പതിവുപോലെ തന്നെ മത്സരത്തിൽ ഏറെ നേരവും പന്തുകൈവശം വെച്ച സിറ്റി 40-ാം മിനിറ്റിൽ റിയാദ് മഹ്റെസിന്റെ പെനാൽറ്റിയിലൂടെയാണ് ചാമ്പ്യൻമാർ മുന്നിലെത്തിയത്. റഹീം സ്റ്റെർലിങിനെ മാഡ്സ് റോറസ്ലെവ് ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് മഹ്റെസ് അനായാസം ഗോളാക്കി മാറ്റിയത്.
പിന്നീട് രണ്ടാം പകുതിയിൽ 69-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് ഉയർത്തി. റഹീം സ്റ്റെർലിങിന്റെ ശ്രമം ബ്രന്റ്ഫോർഡ് കീപ്പർ തടഞ്ഞു എങ്കിലും റീ ബോണ്ട് ലക്ഷ്യം കണ്ട സിറ്റി ജയത്തോടെ മടങ്ങുകയായിരുന്നു. നിലവിൽ 24 മത്സരങ്ങളിൽ നിന്നായി 60 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി. അതേസമയം ഇത്രയും കളികളിൽ നിന്നും 23 പോയുന്റുമായി ബ്രന്റ്ഫോർഡ് 14-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ശനിയാഴ്ച്ച നോർവിച്ച് സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.