ഐപിഎൽ; അഹമ്മദാബാദ് ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസ് എന്നറിയപ്പെടും
ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് ഗുജറാത്ത് ടൈറ്റൻസ് എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ പകുതി ശരിവെക്കുന്ന രീതിയിലാണ് പേര് പ്രഖ്യാപനം. നേരത്തെ അഹമ്മദാബാജ് ടൈറ്റൻസ് എന്നായിരിക്കും ടീമിന്റെ പേരെന്നാണ് റിപ്പോർട്ടുകൾ വന്നത്.
എന്നാൽ അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് മുന്നോടിയായുള്ള സ്റ്റാർ സ്‌പോർട്‌സിലെ പ്രീ-മാച്ച് ഷോയ്ക്കിടെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ പ്രഖ്യാപനം നടന്നത്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കും. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയെ ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തിട്ടുമുണ്ട്.
ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് ഐപിഎല്ലിൽ നിലവിലുള്ള 8 ഫ്രാഞ്ചൈസികൾക്കൊപ്പം ചേരാൻ പോകുന്ന രണ്ട് പുതിയ ടീമുകൾ. ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന മെഗാ ലേലത്തിൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനാണ് 10 ടീമുകളും ലക്ഷ്യമിടുന്നത്. ഹാർദിക് പാണ്ഡ്യയെ കൂടാതെ, മെഗാ ലേലത്തിന് മുന്നോടിയായുള്ള ഡ്രാഫ്റ്റിൽ നിന്ന് ഫ്രാഞ്ചൈസി റാഷിദ് ഖാനെയും ശുഭ്മാൻ ഗില്ലിനെയും തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.