മുൻ ചാമ്പ്യൻമാർ നേർക്കുനേർ; ചൈന്നൈയിൻ ഗോവ പോരാട്ടം ഇന്ന്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് മുൻ ചാമ്പ്യൻമാർ നേർക്കുനേർ ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം 7.30-ന് തിലക് മൈതാനിയിൽ നടക്കുന്ന പോരാട്ടത്തിൽ ഇരു ടീമുകൾക്കും സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയമില്ലാതെ വലയുന്ന ചെന്നൈയിൻ എഫ്സി കഴിഞ്ഞ അഞ്ച് കളിയിലും വിജയം കാണാനാവാത്ത ഗോവയെ നേരിടുമ്പോൾ ചെറിയൊരു മേൽകൈയുമായാണ് കളിക്കളത്തിലേക്ക് എത്തുന്നത്. ഗോവ അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഒന്ന് പോലും വിജയിച്ചിട്ടില്ലെന്നതും വലിയ പോരായ്മയാണ്.
ചെന്നൈയിൻ എഫ്സി നിലവിൽ 15 കളിയിൽ നിന്നും 19 പോയിന്റുമായി എട്ടാം സ്ഥാനത്തും അത്രയും തന്നെ മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ഗോവ ഒമ്പതാം സ്ഥാനത്തുമാണിപ്പോൾ. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം ആവർത്തിക്കുകയാണെങ്കിൽ മാത്രമേ ഇരു ടീമുകൾക്കും ഐഎസ്എൽ സെമി സാധ്യതകൾ നിലനിർത്താനാവൂ.
ഈ സീസണിൽ ഇരുടീമുകളും ഗോളടിക്കാൻ പാടുപെട്ടുകയാണ്. ഷോട്ടുകൾ ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് ഗോവയെയും ചെന്നൈയിനെയും വലയ്ക്കുന്ന പ്രധാന പ്രശ്നം. ഈ സീസണിൽ 20ൽ താഴെ ഗോളുകൾ നേടിയ നാല് ടീമുകളിലൊന്നാണ് ഇരുവരും.