അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹകീം സിയെച്ച്
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മൊറോക്കോ താരം ഹകീം സിയെച്ച്. 28-ാം വയസിലാണ് ദേശീയ ടീമിൽ നിന്ന് ചെൽസിയുടെ മുൻനിര താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മൊറോക്കൻ ദേശീയ ടീമിന്റെ പരിശീലകനുമായുള്ള പ്രശ്‌നത്തിന്റെ ബാക്കിപത്രമെന്നോണമാണ് സിയെച്ചിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം. കോച്ച് വാഹിദ് ഹലിൽഹോഡ്‌സിക്കുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് 2021 ആഫ്രിക്ക നേഷൻസ് കപ്പിനുള്ള മൊറോക്കോയുടെ അന്തിമ ടീമിൽ നിന്ന് സിയെച്ചിനെ ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ ജൂണിൽ നടന്ന മിഡ് ഇയർ ഫ്രണ്ട്‌ലികളിൽ മൊറോക്കോയ്‌ക്കായി കളിക്കുന്നത് ഒഴിവാക്കാൻ പരിക്ക് കാണിച്ചെന്ന് ആരോപിച്ച് ഹലിൽഹോഡ്‌സിക്കുമായി സിയെച്ച് വാക്‌പോരിൽ ഏർപ്പെട്ടിരുന്നു. താരം ആരോപണം നിഷേധിച്ചു. ഇവിടുന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം.
മാർച്ചിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് ടൈയിലേക്ക് താരത്തെ തെരഞ്ഞെടുക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും ഹാലിൽഹോഡ്‌സിക് നിർദ്ദേശിച്ചിരുന്നു. മൊറോക്കൻ ദേശീയ ടീമിനായി 40 തവണ കളിച്ച ഹക്കീം സിയെച്ച് 17 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ചെൽസിക്കായി 25 തവണ കളിക്കാൻ ഇറങ്ങിയപ്പോൾ ആറ് തവണയാണ് വല കുലുക്കിയത്.