ലെസ്റ്ററിനെ നേരിടാൻ സജ്ജമായി ലിവർപൂൾ, സലായും ടീമിനൊപ്പം എത്തിയതും കരുത്ത്
ലിവർപൂൾ ടീമിനൊപ്പം തിരികെ എത്തി മുഹമ്മദ് സലാ. ഈജിപ്തുമായുള്ള അഫ്‌കോൺ ഫൈനലിൽ പരാജയപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് താരം പ്രീമിയർ ലീഗ് ടീമിനൊപ്പം ചേർന്നിരിക്കുന്നത്. മാത്രമല്ല വ്യാഴാഴ്ച്ച ലെസ്റ്റർ സിറ്റിക്കെതിരായ ലിവർപൂളിന്റെ അടുത്ത മത്സരത്തിൽ കളിക്കാനും താരം തയാറാണെന്നും പരിശീലകൻ യുർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു.
എന്നാൽ മുഹമ്മദ് സലാ ആദ്യ ഇലവണിൽ കളിക്കുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാമറൂണിൽ ഞായറാഴ്ച്ച നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സലായുടെ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിലെ സഹതാരമായ സാഡിയോ മാനെയുടെ സെനഗൽ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. എന്നാൽ മാനെ ഇതുവരെ പ്രീമിയർ ലീഗ് ടീമിനൊപ്പം ചേർന്നിട്ടില്ല. സെനഗൽ തലസ്ഥാനമായ ഡാക്കറിൽ ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ് മാനെ.
നിലവിൽ 22 മത്സരങ്ങളിൽ നിന്നായി 48 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. 23 കളികളിൽ നിന്നായി 57 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമത്. കിരീട പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ലെസ്റ്ററിനോട് ജയിക്കേണ്ടത് അനിവാര്യമാണ്.
ഫോമില്ലാതെ വലയുന്ന ലെസ്റ്റർ സിറ്റിയെ കീഴടക്കാൻ ആൻഫീൽഡിൽ അനായാസമായിരിക്കുമെങ്കിലും പ്രീമിയർ ലീഗിന്റെ സ്വഭാവം എപ്പോഴും അട്ടിമറികളുടേതാണെന്ന് ക്ലോപ്പിനറിയാം. നിലവിൽ 20 മത്സരങ്ങളിൽ നിന്നായി 26 പോയിന്റുമായി ലെസ്റ്റർ പത്താം സ്ഥാനത്താണുള്ളത്.