ഇൻസ്റ്റഗ്രാമിലെ ഗോട്ട്; 40 കോടി ആളുകൾ ഫോളോ ചെയ്യുന്ന ആദ്യ വ്യക്തിയായി റൊണാൾഡോ
ഇൻസ്റ്റാഗ്രാമിൽ 40 കോടി (400 മില്യൺ) ഫോളോവേഴ്‌സിനെ നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷം ജനുവരിയിൽ 200 മില്യൺ ഫോളോവേഴ്‌സിലെത്തിയ ആദ്യ വ്യക്തിയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്നെ ആയിരുന്നു.
നിലവിൽ 469 ദശലക്ഷം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ഹാൻഡിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് പോർച്ചുഗൽ ക്യാപ്റ്റൻ. കഴിഞ്ഞ ജിവസം 37 വയസ് പൂർത്തിയായതിനു പിന്നാലെയാണ് ഈ സുവർണ നേട്ടം റൊണാൾഡോയെ തേടിയെത്തിയിരിക്കുന്നത്.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇറ്റാലിയൻ ടീമായ യുവന്റസിൽ നിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ താരത്തിന് ഇവിടെ ലഭിച്ചതും ഗംഭീര സ്വീകരണമായിരുന്നു. തന്റെ ആദ്യകാല ക്ലബുകളിലൊന്നായ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ശേഷം ക്ലബ്ബിനായി 24 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടാനും പോർച്ചുഗീസ് താരത്തിന് സാധിച്ചിട്ടുണ്ട്.
22 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ്. 23 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്. ലിവർപൂൾ രണ്ടാം സ്ഥാനത്തും (22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റ്) 24 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്തുമാണ്.