ചാമ്പ്യൻസ് ലീഗിനേക്കാൾ വലിയ നേട്ടം ആഫ്രിക്കൻ നേഷൻസ് കപ്പെന്ന് സാഡിയോ മാനെ
ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണെന്ന് സെനഗൽ വിങ്ങർ സാഡിയോ മാനെ. കൂടാതെ ചാമ്പ്യൻസ് ലീഗ് നേട്ടത്തേക്കാൾ മൂല്യവത്താണ് സെനഗലിന്റെ അഫ്‌കോൺ ട്രോഫി നേട്ടമെന്നും താരം വ്യക്തമാക്കി.
പെനാൽറ്റി ഷൂട്ടൌട്ടിൽ ഈജിപ്തിനെ 4-2ന് കീഴടക്കിയാണ് കാമറൂണിൽ തങ്ങളുടെ ആദ്യത്തെ കോണ്ടിനെന്റൽ കിരീടം സെനഗൽ സ്വന്തമാക്കുന്നത്. 2016-ൽ സതാംപ്ടണിൽ നിന്ന് ലിവർപൂളിൽ ചേക്കേറിയ മാനെ 2020-ൽ പ്രീമിയർ ലീഗ് കിരീടം, 2019-ൽ ചാമ്പ്യൻസ് ലീഗ്, 2019-ൽ യുവേഫ സൂപ്പർ കപ്പ്, 2019-ൽ ഫിഫ ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്.
എന്നാൽ താരത്തിന്റെ അഭിപ്രായത്തിൽ അഫ്‌കോൺ കിരീടമാണ് ഏറ്റവും സവിശേഷമായത്. ലിവർപൂളിൽ സാഡിയോ മാനെയുടെ സഹതാരമായ സാലയെ കീഴടക്കിയാണ് ഈ സ്വർണ നിമിഷത്തിലേക്ക് ടീമിനെ താരം എത്തിച്ചത്.
ചരിത്രത്തിലെ രണ്ട് ഫൈനൽ തോൾവികൾക്ക് ശേഷം അറുപത് വർഷത്തെ കാത്തിരിപ്പിന് വിരാമമേകിയാണ് സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആദ്യമായി മുത്തമിടുന്നത്. ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്‌ടപ്പെടുത്തിയെങ്കിലും സുപ്രധാന നിമിഷത്തിൽ ഗോൾവല കുലുക്കി മാനെ രക്ഷകനായതും സെനഗലിന്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഇടംപിടിക്കുന്ന നേട്ടങ്ങളാണ്.