ആഫ്രിക്കന്‍ നേഷന്‍സ് കപ്പിൽ മുത്തമിട്ട് സെനഗൽ; ഈജിപ്തിനെ മറികടന്നത് ഷൂട്ടൗട്ടില്‍
ആഫ്രിക്കന്‍ നേഷന്‍സ് കപ്പിൽ മുത്തമിട്ട് സെനഗൽ. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഈജിപ്തിനെ 4-2ന് വീഴ്ത്തിയാണ് സെനഗല്‍ തങ്ങളുടെ കന്നി കിരീടവുമായി മടങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തൻമാരായ ലിവർപൂളിന്റെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സാലയും സാഡിയോ മാനെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സൂപ്പർ ഫൈനൽ വീക്ഷിച്ചത് ആകാംക്ഷയോടെയാണ്.
കളിയുടെ 90 മിനിറ്റ് വരെയും ഇരുടീമും വലകുലുക്കിയില്ല. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോളും ഗോളുകൾ മാത്രം അകന്നുനിന്നു. ഇതോടൊയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തി മാനെ ഏവരെയും ഞെട്ടിച്ചു.
കളിയുടെ ഏറെ നേരവും പന്തുകൈവശംവെച്ച സെനഗലാണ് കളിയഴകിൽ മുന്നിട്ടുനിന്നത്. എങ്കിലും ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ ഒരുമിച്ചു കളിക്കുന്ന മാനെയ്ക്കും സാലയ്ക്കും ഫൈനലില്‍ മികവിനൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നതും നിരാശാജനകമായിരുന്നു.
സെനഗലിന്റെ ലിവര്‍പൂള്‍ താരം സാദിയോ മാനെയാണ് ടൂര്‍ണമെന്റിലെ മികച്ച താരം. അതേസമയം എട്ട് ഗോളുകള്‍ നേടിയ കാമറൂണിന്റെ വിന്‍സെന്റ് അബൂബക്കറാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മികച്ച ഗോള്‍ നേട്ടക്കാരന്‍.