Foot Ball Top News

ആഴ്‌സണൽ തിരിച്ചു വരവിന്റെ പാതയിലോ? ഇന്ന് അറിയാം ഉത്തരം

November 20, 2021

ആഴ്‌സണൽ തിരിച്ചു വരവിന്റെ പാതയിലോ? ഇന്ന് അറിയാം ഉത്തരം

പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ ആഴ്‌സനലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം. പ്രീമിയർ ലീഗിലെ കഴിഞ്ഞ 8 കളികളിൽ ഒന്നിൽ പോലും തോൽവി അറിയാതെ ആണ് ആഴ്‌സണൽ ലിവര്പൂളിലേക്ക് വണ്ടി കയറുന്നത്. ലിവർപൂൾ ആകട്ടെ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനോട് അപ്രതീക്ഷ തോൽവി ഏറ്റു വാങ്ങിയിരുന്നു.

ആർട്ടറ്റായുടെ നേത്രത്വത്തിൽ ആഴ്‌സണൽ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുന്നതിന്റെ ശ്രമത്തിലാണ്. ആദ്യ മൂന്ന് മത്സരങ്ങൾ തോറ്റ അവർ, പിന്നീട് ഇങ്ങോട്ട് തോൽവി നുണഞ്ഞിട്ടില്ല. കഴിഞ്ഞ 8 മത്സരങ്ങൾ എടുത്ത് നോക്കുക ആണെങ്കിൽ ഏറ്റവും കുറച്ചു ഗോളുകൾ വഴങ്ങിയ ടീമും അവർ തന്നെ. വർഷങ്ങൾക്ക് ശേഷം ഒരു നല്ല ഗോളിയെയും മികച്ച ഡിഫൻസിനെയും അവർക്ക് ലഭിച്ചിരിക്കുന്നു. പ്രതിരോധത്തിലെ ബെൻ വൈറ്റ് – ഗബ്രിയേൽ കൂട്ടുകെട്ട് ആണ് ഈ തിരിച്ചു വരവിന്റെ പ്രധാന കാരണം.

എന്നാൽ മടങ്ങി വരവിന്റെ അളവ് കോൽ നിർണയിക്കുന്ന മത്സരം ഇന്നാണ്. ഈ 8 മത്സരങ്ങളിൽ ലെസ്റ്റർ മാത്രമായിരുന്നു അവർ നേരിട്ട മികച്ച ഒരു ടീം. ലെസ്റ്ററിനെ അവരുടെ സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും ചെൽസി, സിറ്റി, ലിവർപൂൾ എന്നീ ടീമുകൾ ബാക്കി ഉള്ളവരെ അപേക്ഷിച്ചു വളരെ മുൻപിൽ ആണ്. ആ നിലവാരത്തിലേക്ക് ആഴ്‌സണൽ ഉയർന്നോ എന്ന് ഉത്തരം തരാൻ ഈ മത്സരത്തിന് സാധിക്കും.

തോമസ് പാർട്ടി പരിക്കിൽ നിന്ന് മോചിതനായെങ്കിലും 90 മിനുട്ട് കളിക്കാൻ പ്രാപ്തനാണോ എന്ന് അറിയില്ല. അദ്ദേഹം ഇല്ലാതെ, മിഡ്‌ഫീൽഡിൽ ലിവര്പൂളിനോട് മുട്ടുന്നത് എങ്ങനെ ഇരിക്കും എന്നതിനെ അപേക്ഷിച്ചിരിക്കും മത്സരഫലം. സീനിയർ താരങ്ങൾ ആയ ലകാസെറ്റ്, ഓബാമയാങ് എന്നിവർ അവസരത്തിന് ഒത്ത് ഉയരേണ്ടി ഇരിക്കുന്നു. സ്മിത്ത് റോ – സാക്ക കൂട്ടുകെട്ട് അവസരങ്ങൾ സൃഷ്ടിക്കുന്നതും അവർക്ക് നിർണായകമാണ്.

Leave a comment