RR vs SRH – match review
ജാസൺ റോയ് പലപ്പോഴും അനുസ്മരിപ്പിക്കുന്നത് വീരേന്ദർ സേവാഗിനെയാണ് .കൂറ്റൻ സിക്സറുകളെ മാത്രം ആശ്രയിക്കാതെ ഇടതടവില്ലാതെ ഫോറുകൾ പറത്തുന്ന അയാൾ നിമിഷ നേരം കൊണ്ടാണ് ഒരു വലിയ സ്കോറിനെ ചെറുതാക്കി മാറ്റുന്നതും നാലിലൊന്ന് ഓവറുകൾ കൊണ്ട് മാത്രം കളിയെ തട്ടിപ്പറിച്ചെടുക്കുന്നതും .
സീസണിലെ ഏറ്റവും ദുർബല ബാറ്റിംഗ് നിരകളിലൊന്നായ ഹൈദരാബാദിന് 165 എന്ന സ്കോർ ഒരു ബാലികേറാമല തന്നെയായിരുന്നു .എന്നാൽ 5 ഓവറുകൾക്കുള്ളിൽ റോയ് ടീമിന് നൽകിയ അസാധ്യ കുതിപ്പ് ആ ടീമിൻ്റെ മനോഭാവമാണ് മാറ്റി മറിച്ചത് .
10 ഓവറിൽ 100 കടന്ന ടീം ചില സമയത്തെങ്കിലും ഇത് പോലൊരു ഗെയിം ചെഞ്ചറെ പുറത്തിരുത്തിയതിൽ പശ്ചാത്തപിച്ചിട്ടുണ്ടാകാം .
ഈ IPL ൻ്റെ മുഖമുദ്ര തന്നെ നാടകീയത ആണ് .ജയം ഉറപ്പിച്ച ടീമുകൾ തികച്ചും അവിശ്വസനീയമായ രീതിയിൽ വിജയം കൈവിടുന്ന അവസ്ഥകൾ ഒട്ടേറെ തവണ കണ്ടു കഴിഞ്ഞു .എന്നാൽ കൂട്ടിനൊരാളുണ്ടെങ്കിൽ ഏത് ചേസിനെയും അതിൻ്റെ ഗതിവിഗതികൾക്കനുസൃതമായി മാറ്റി വിജയത്തിലെത്തിക്കാൻ കെയ്ൻ വില്യംസിണിനോളം മിടുക്ക് കാട്ടുന്ന മറ്റുള്ളവരെ സമകാലിക ക്രിക്കറ്റിൽ അധികം കാണാനാകില്ല .
സഞ്ജു സാംസൺ ഒരു നിർഭാഗ്യവാനാണ് .ആദ്യ മച്ചിൽ IPL കണ്ട ഏറ്റവും മികച്ച സെഞ്ചുറി ,കഴിഞ്ഞ മാച്ചിൽ ടീമിൻ്റെ 60% ഉം നേടിയ തകർപ്പൻ ഇന്നിങ്ങ്സ് ,ഇത്തവണ ടീമിൻ്റെ 50% ഉം നേടിയ ഏവരും ആഗ്രഹിച്ച രീതിയിൽ കരുപ്പിടിപ്പിച്ച ഇന്നിങ്ങ്സ് .ഒടുവിൽ മറ്റു പ്രമുഖരെയെല്ലാം പിന്നിലാക്കി ഓറഞ്ച് ക്യാപ് .മികച്ച കീപ്പിങ്ങ് .ദുർബല ടീമിലെ തനിക്ക് പറ്റാവുന്ന രീതിയിൽ നയിക്കുന്ന ക്യാപ്റ്റൻസി മികവ് .എന്നിട്ടും തോൽവി നേരിടുന്ന അവസ്ഥ .മഹിപാൽ ലാംറോർ വിശ്വസിക്കാവുന്ന ഓൾറൗണ്ടർ ആകുന്നു എന്ന ഒരൊറ്റ ആശ്വാസം മാത്രമായിരുന്നു റോയൽസിന് ബാക്കി