Editorial Foot Ball Top News

ഗാർഡിയോളയിൽ നിന്ന് ടുക്കലിന് ഇനിയും ഏറെ പഠിക്കാനുണ്ട്

September 27, 2021

ഗാർഡിയോളയിൽ നിന്ന് ടുക്കലിന് ഇനിയും ഏറെ പഠിക്കാനുണ്ട്

നിലവിലെ ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളായി ചെൽസിയുടെ ജർമൻ പരിശീലകൻ തോമസ് ടുക്കൽ മാറിക്കഴിഞ്ഞിരിക്കുന്നു. ക്ളോപ്പിന്റെ നിഴലിൽ നിന്നും ഗാർഡിയോളയുടെ മേധാവിത്വത്തിൽ നിന്നും അദ്ദേഹം തല ഉയർത്തി പുറത്ത് വന്നിരിക്കുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹം ഒരു നല്ല വിദ്യാർത്ഥി ആണ് എന്നുള്ളതാണ്. ക്ളോപ്പ്, ഗാർഡിയോള, അൻസെലോട്ടി പോലുള്ള മികച്ചവരിൽ നിന്ന് താൻ ഒട്ടനവധി കാര്യങ്ങൾ പഠിച്ചിരുന്നു എന്ന് വെളിപ്പെടുത്താൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. ടുക്കലും ഗാർഡിയോളയും ഒന്നിച്ചിരുന്നു കഴിച്ച അത്താഴങ്ങളും, അതിൽ ഉരുത്തിരിഞ്ഞു വന്നിരുന്നു അറിവുകളും, ഒരു മികച്ച വിദ്യാർത്ഥിയെ പോലെ ടുക്കൽ തനിക്ക് ഗുണമുള്ളതാക്കി.

എന്നാൽ ഒരാളെ പഠിക്കുക എന്നാൽ അയാൾ വരുത്തുന്ന തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്ന് കൂടി ഉണ്ട്. ടുക്കൽ, ഗാർഡിയോള വരുത്തുന്ന ഒരു പിഴവ് കണ്ടു മാത്രം പഠിച്ചില്ല – ചെറിയ കാര്യങ്ങൾ സംഘീർണമാക്കി കുളമാക്കുക. ഒരു തരത്തിൽ നോക്കിയാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ തനിയാവർത്തനം ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ ചെൽസി – സിറ്റി മത്സരം. ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡറെ പോലും ഇറക്കാതെ അന്ന് ഗാർഡിയോള ടാക്റ്റികൾ ബ്രില്ലിയൻസിന്റെ പേരിൽ മത്സരം കളഞ്ഞു കുളിച്ചപ്പോൾ, ഇവിടെ ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡറെ പോലും ഇറക്കാതെ ടുക്കൽ കാര്യങ്ങൾ തകിടം മറിച്ചു. മാത്രമല്ല ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ താരമായ കായ് ഹാവെർട്സിനെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താത്തതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നുമില്ല.

ലുക്കാക്കുവിനെ തളച്ചാൽ ചെൽസിയെ തളക്കാനാകും എന്ന സ്ഥിതി വിശേഷം ടുക്കലിന്റെ പദ്ധതിയുടെ ഫലമായിരുന്നു. ബെൽജിയം സ്‌ട്രൈക്കറിന് സഹായം നല്കാൻ ആക്രമണനിരയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ലുക്കാക്കുവിന്റെ ശാരീരിക മേധാവിത്വം ഒരുക്കുന്ന സ്പേസ് ഉപയോഗിക്കാനും ചെൽസി നിരയിൽ ആർക്കും സാധിച്ചില്ല. പരിണിത ഫലമോ? ആദ്യ പകുതിയിൽ സിറ്റിയുടെ സമ്പൂർണ അധിപധ്യം. ചെൽസി ആരാധകർ വരെ ആദ്യ പകുതിയുടെ അവസാനം തങ്ങളുടെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

ഹക്കിം സിയാച്ചോ, കായ് ഹാവെർട്സോ ലുക്കാക്കുവിന് ഒപ്പം ഇറങ്ങിയിരുന്നെങ്കിൽ സിറ്റി പ്രതിരോധവും മധ്യനിരയും നന്നായി വിയർത്തേനെ. അവരുടെ അസാന്നിധ്യം സിറ്റി മധ്യനിരയുടെ ജോലി വളരെ എളുപ്പമാക്കുകയും ചെയ്തു. ഗോൾ വീണതിന് ശേഷം ടുക്കൽ മാറ്റങ്ങൾ കൊണ്ട് വന്നെങ്കിലും, കാര്യങ്ങൾ വഴുതി പോയിരുന്നു. സ്വന്തം തട്ടകത്തിൽ തോൽവിയും.

ടുക്കൽ മികച്ച മാനേജർ തന്നെ. അത് ഇനി ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യവുമില്ല. ഇന്ന് ഏതു ടീമും നേരിടാൻ ഭയപ്പെടുന്നത് ട്യുക്കേലിന്റെ ചെൽസിയെ തന്നെ. എന്നാലും നിർണായക മത്സരങ്ങളിൽ ചെറിയ പിഴവുകൾ വരുത്താതിരിക്കട്ടെ.

Leave a comment