രാജാവിന്റെ പടയെ വീഴ്ത്തിയ ചക്രവർത്തി !!
അബുദാബിയിലെ ഷേക്ക് സയിദ് സ്റ്റേഡിയത്തിൽ രണ്ടാം പാദത്തിനിറങ്ങുമ്പോൾ KKR ൻ്റെ നായകനായ മോർഗന് മൈതാനത്തെ ചൂടിനേക്കാൾ വേവലാതി ആദ്യ പാദത്തിലെ 7 മാച്ചുകളിലെ 5 തോൽവി ആയിരുന്നു.2 ആം ഓവറിൽ തന്നെ ബൗണ്ടറി പായിച്ചതിനു പിന്നാലെ കോഹ്ലിയെ LBWൽ കുരുക്കിയ പ്രസിദ് ക്യഷ്ണ മോർഗന് നൽകിയത് വലിയ ആശ്വാസമായിരുന്നു.
കൃത്യം 20 ആഴ്ചകൾക്ക് മുൻപ് ഇരു ടീമുകളും അഹമ്മദാബാദിൽ മാറ്റുരക്കേണ്ടിയിരുന്ന അന്ന് മാറ്റി വെച്ചതായിരുന്നു IPL മത്സരങ്ങൾ. വീണ്ടും തുടങ്ങുമ്പോൾ ഒരേ ടീമിന് വേണ്ടി 14 സീസണുകളിലും കളിച്ച കോലി RCB ക്ക് വേണ്ടി 200 ആമത്തെ മത്സരം കളിക്കുമ്പോൾ ഇന്ത്യൻ T20 ടീമിൻ്റേയും RCB യുടെയും നായക പദവി അഴിച്ചു വെക്കാൻ പോകുന്ന കോലിയിൽ നിന്നും ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു .
പൊതുവെ ശാന്തനായി തുടങ്ങുന്ന ദേവദത്ത് പടിക്കലിന് ഒപ്പം ഇന്ത്യൻ ടീം ജേഴ്സി ഏതു സമയത്തും പ്രതീക്ഷിക്കുന്ന ശ്രീകർ ഭരത് ചേർന്നിട്ടും RCB ആദ്യ 10 ഓവറിൽ തങ്ങളിൽ നിന്നും വലിയ വെട്ടിക്കെട്ടുകൾ പ്രതീക്ഷിക്കരുതെന്ന പതിവ് സന്ദേശമാണ് നൽകിക്കൊണ്ടിരുന്നത് .
ഗ്ളെൻ മാക്സ് വെൽ നാലാമതിറങ്ങുമ്പോൾ RCB നിരയിൽ ഏറ്റവും പ്രതീക്ഷയുള്ള ABDയെ കൂടുതൽ ഓവറുകൾ കളിക്കാതെ RCB ഒളിപ്പിച്ചു വെക്കുന്നതിൻ്റെ സാംഗത്യം ഇപ്പോഴും പിടികിട്ടാക്കഥയായി തുടരുന്നു .
9 ആം ഓവറിൽ ഭരതിനെയും ABD യെയും 4 പന്തുകൾക്കിടെ മടക്കി ഇരട്ടപ്രഹരം ഏൽപിച്ചതാകട്ടെ 5 ആം ബൗളറായ റസ്സലും. മിസ്റ്ററി സ്പിന്നർമാരായ വരുൺ ചക്രവർത്തിക്കും സുനിൽ നരൈനും അപ്പോഴും 5 ഓവറുകൾ പിന്നെയും ബാക്കിയായിരുന്നു . 6 ആമനായി ഇറങ്ങിയ മലയാളി താരം സച്ചിൻ ബേബിക്ക് കളിക്കാൻ അപ്പോഴും 10 ഓവറിലധികം പിന്നെയും ബാക്കിയുണ്ടായിരുന്നു .വാനോളം പ്രതീക്ഷ നൽകി ആരാധകരെ നിരാശരാക്കുന്ന RCB യുടെ സ്ഥിരം സ്വഭാവം വീണ്ടും ആവർത്തിച്ച ആദ്യ 10 ഓവറുകളിൽ നേടാൻ പറ്റിയത് 5 ഫോറുകൾ മാത്രം .വെറും 54 റൺസും .
പേസർമാർ എറിയാൻ സാധ്യതയുള്ള 12 ഓവറുകളിൽ 8 ഉം 11 ഓവറുകൾക്കുള്ളികൾ തീർത്ത മോർഗൻ സ്പിന്നർമാരെ വെച്ച് ചൂതാട്ടം നടത്തുന്ന നടത്തിയ ശ്രമം 12 ആം ഓവറിൽ ചക്രവർത്തി തുടർച്ചയായ 2 പന്തുകളിൽ ഫലപ്രാപ്തിയിലെത്തിച്ചപ്പോൾ പാതി വഴി പിന്നിടും മുൻപെ കളി കൊൽക്കത്തയുടെ കോർട്ടിലെത്തിച്ചു.
മാക്സ് വെല്ലോ ABD യോ തിളങ്ങിയില്ലെങ്കിൽ തങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി RCB തുറന്നു കാട്ടിയ ഒരു മത്സരം കൂടിയായിരുന്നു കണ്ടത് .
35 പന്തുകൾക്കു ശേഷംRCB ഒരു ബൗണ്ടറി നേടിയത് 81 ആം പന്തിൽ ഹർഷൽ പട്ടേൽ ആയിരുന്നുവെന്നത് അവരുടെ ദയനീയ സ്ഥിതി പറയും .
തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരം സച്ചിൻ ബേബി തുലച്ചപ്പോൾ കഴിഞ്ഞ സീസണിലും ആദ്യ പാദത്തിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച വരുൺ ചക്രവർത്തി അവഗണിക്കാൻ പറ്റാത്ത തരത്തിൽ വളരുന്ന കാഴ്ചയാണ് കാണുന്നത് ,അതും T20 ലെ ലോകോത്തര സ്പിന്നർ സുനിൽ നരൈനെ സാക്ഷിയാക്കിക്കൊണ്ട്. 4 ഓവറിൽ 13 റൺ വഴങ്ങി 3 വിക്കറ്റ് നേടിയ ചക്രവർത്തി ജെമിസണെ റണ്ണൗട്ടാക്കിയതടക്കം 4 പുറത്താക്കലിനാണ് പങ്കാളിയായത് .
RCB അവരുടെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് .പ്രത്യേകിച്ചും ആദ്യ മാച്ച് 92 റൺസിന് പുറത്തായത് അവർക്ക് താങ്ങാനാകില്ല . കഴിഞ്ഞ പാദത്തിലെ ദയനീയ ബാറ്റിങ്ങ് പ്രകടനം ആവർത്തിച്ചില്ലെങ്കിൽ മോർഗന് ലഭിക്കാൻ പോകുന്നത് ഒരു ഈസി വാക്കോവർ ആകും .
കോലി എന്ന രാജാവിൻ്റെ പടയെ ഒറ്റക്ക് നശിപ്പിച്ച ചക്രവർത്തി T20 ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷ തന്നെയാകും .