ലുക്കാക്കു & റൊണാൾഡോ – ഈ സീസണിലെ നിർണായകമായ രണ്ടു സൈനിങ്‌സ്
ഇത്രയും ആവേശകരമായി പ്രീമിയർ ലീഗിലെ ഒരു സീസണെ നോക്കി കാണുന്നത് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ്. അത്രയധികം മത്സരസ്വഭാവമാണ് പ്രീമിയർ ലീഗിലെ നാല് മുൻനിര ക്ലബ്ബുകൾ പുറത്തെടുക്കുന്നത്[മാഞ്ചസ്റ്റർ ക്ലബ്ബുകൾ, ചെൽസി, ലിവർപൂൾ]. പക്ഷെ ഈ മനോഭാവം കൈമാറ്റ വിപണയിൽ തന്നെ പ്രകടമാക്കിയതാകട്ടെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡുമാണെന്ന് പറയേണ്ടി വരും. വിപണിയിലെ നീക്കങ്ങൾ ആരാധകർക്ക് ആവേശവും, എതിരാളികൾക്ക് മുന്നറിയിപ്പും നൽകി എന്നത് കൊണ്ട് അവർ അഭിനന്ദനം അർഹിക്കുന്നു. ഒരു നല്ല സ്‌ട്രൈക്കറുടെ അഭാവം സിറ്റിയേയും, ലിവർപൂളിനേയും സാരമായി തന്നെ ബാധിക്കും എന്ന് കരുതുന്നു.
ഇതിൽ എടുത്ത് പറയാൻ ഉള്ളത് രണ്ടു ഭീമന്മാരുടെ വരവാണ്. അതിൽ ഒന്ന് സാക്ഷാൽ റൊണാൾഡോ നാസാരിയോയുടെ റെക്കോഡുകൾ ഇന്റർ മിലാനിൽ ഭേദിച്ച്, അവർക്ക് ലീഗ് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബെൽജിയം താരം ലുക്കാക്കു തന്നെ. മറ്റൊന്ന് പ്രായം തളർത്താത്ത, ആർക്കും എഴുതി തള്ളാൻ സാധികാത്ത, സമ്മർദ്ദഘട്ടങ്ങളെ നിസാരമായി മറികടക്കുന്ന സാക്ഷാൽ CR7.
തോമസ് ട്യുക്കൽ വന്നതിന് ശേഷം ചെൽസി അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ആറു മാസത്തിനുള്ളിൽ ചാമ്പ്യൻസ് ലീഗും ക്ലബ് സൂപ്പർ കപ്പും ലണ്ടനിൽ എത്തിക്കാൻ ലോകോത്തര താരങ്ങൾ ഉള്ള ചെൽസിയെ കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ടിമോ വെർണറുടെ മോശം ഫോം ഒരു വാതായനം തന്നെ ആയിരുന്നു. ആ വിടവ് നികത്താൻ എന്ത് കൊണ്ടും യോഗ്യൻ ആണ് ലുക്കാക്കു. സീസണിൽ 30 ഗോളുകൾ നേടുക എന്നത് ഒരു സാദാരണ സംഭവമായി അദ്ദേഹത്തിന് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സീസണിലെ ടോപ് സ്കോറെർ ആയ വെർണർക്ക്, എല്ലാ കോംപെറ്റീഷനിൽ നിന്നും അകെ നേടാനായത് 12 ഗോളുകൾ മാത്രമാണ്. അതിന്റെ ഇരട്ടി ഗോൾ എങ്കിലും ലുക്കാക്കു നേടിയാൽ എതിരാളികളുടെ പേടി സ്വപ്നമായി ചെൽസി മാറും. ഇപ്പോളെ 3 ഗോളുകൾ സ്വന്തമാക്കി അദ്ദേഹം എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുന്നു.
പിന്നെ എടുത്ത് പറയേണ്ടിയത് റൊണാൾഡോയുടെ വരവാണ്. ഈ സീസണിലെ ഏറ്റവും നിർണായക സൈനിങ് എന്ന് നാം അവസാനം ഇതിനെ വിശേഷിപ്പിക്കേണ്ടി വന്നാൽ അത്ഭുദപ്പെടാനില്ല. കാരണം നാടകീയതയുടെ കുത്തൊഴുക്കാണ് അദ്ദേഹത്തിന്റെ കരിയർ. അല്ലെങ്കിൽ ഇന്നലത്തെ മത്സരം തന്നെ നോക്കു – ഏവരും ഉറ്റു നോക്കുന്നതിനാൽ വളരെയധികം സമ്മർദ്ദത്തോടെയാകും അദ്ദേഹം കളിയ്ക്കാൻ ഇറങ്ങിയത്. എന്നാൽ ബോക്സിനകത്തു അതൊന്നും അദ്ദേഹത്തെ ബാധിച്ചതേ ഇല്ല. 12 വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങി വരവിൽ ആദ്യ രണ്ടു ഗോളുകൾ അടിച്ചു ടീമിന് വിജയം സമ്മാനിക്കാൻ അദ്ദേഹത്തിനെ സാധിക്കു.
യുണൈറ്റഡ് കഴിഞ്ഞ സീസണിലെ നല്ല ടീം ആയിരുന്നു. പക്ഷെ അവരെ അലട്ടിയത് കളിക്കാരുടെ വിജയിക്കാനുള്ള ആത്മവിശ്വാസ കുറവായിരുന്നു. പക്ഷെ റൊണാൾഡോ ടീമിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിനുള്ള ആഡംബരം ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണം പോഗ്ബ – ഫെർണാഡെസ് എന്നിവരിൽ വന്ന പുതിയ ഉന്മേഷമാണ്. 4 ഗോളുകളുമായി ഫെർണാഡെസ് ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുമ്പോൾ, വെറും 4 മത്സരത്തിൽ നിന്ന് 7 അസിസ്റ്റുമായി പോഗ്ബ മിന്നും ഫോമിലുമാണ്. കൂടാതെ ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ യുണൈറ്റഡ് സ്‌ട്രൈക്കർമാരുടെ ജോലി ഭാരം കുറച്ചു ഏറ്റെടുക്കാനും റൊണാൾഡോയ്ക്ക് സാധിക്കും. ഫെർണാഡെസ് – പോഗ്ബ നയിക്കുന്ന മധ്യനിര ഉള്ളതിനാൽ കുറഞ്ഞത് 20 ഗോൾ എങ്കിലും റൊണാൾഡോ അനായാസം ഈ സീസണിൽ ലീഗിൽ മാത്രം നേടും.
തുടർച്ചയായ വിജയങ്ങൾ കണ്ടെത്താൻ ഗാർഡിയോളയും ക്ളോപ്പും തന്നെയാണ് അഗ്രഗന്യന്മാർ. പക്ഷെ ചിലപ്പോളൊക്കെ ലീഗ് നേടുന്നതിൽ കളിക്കാരുടെ മനോബലവും വലിയ പങ്കു വഹിക്കാറുണ്ട്. ലുക്കാക്കു – റൊണാൾഡോ എന്നിവരുടെ വരവ് ചെൽസിയെയും യൂണൈറ്റഡിനെയും കൂടുതൽ ഫേവറിറ്റ്സ് ആക്കുന്നു.