പാരാലിമ്ബിക്സിന് ഇന്ന് തുടക്കമാകും
കോവിഡ് പ്രതിസന്ധിക്കിടയിലും ഒളിമ്പിക്സ് വിജയമാക്കി തീർത്ത ആത്മവിശ്വാസത്തിൽ ടോകിയോ വീണ്ടും ഒളിമ്പിക്സിന് തയ്യാറെടുക്കുന്നു. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സ് ആയ പാരാലിമ്ബിക്സിന് ഇന്ന് തുടക്കമാകും.ഒളിമ്ബിക്സ് വേദിയില്‍ സെപ്തംബര്‍ അഞ്ചുവരെയാണ് പാരാലിമ്ബിക്സ് നടക്കുക. ന്യൂ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 4.30നാണ് വര്ണപ്പകിട്ടാര്ന്ന ഉദ്ഘാടനം. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ ഉദ്ഘാടനം ചെയ്യും. 167 രാജ്യങ്ങളിലെ 4400 കായികതാരങ്ങള്‍ അണിനിരക്കും. 22 ഇനങ്ങളില്‍ 540 മത്സരങ്ങളുണ്ടാകും.
ഒളിമ്ബിക്സ് പോലെ നാലുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പാരാലിമ്ബിക്സില്‍ 2004 മുതല്‍ ചൈനയാണ് ജേതാക്കള്‍. ബ്രിട്ടനും അമേരിക്കയുമാണ് പ്രധാന എതിരാളികള്‍. 2016ല്‍ ചൈനയ്ക്ക് 107 സ്വര്‍ണം കിട്ടി. രണ്ടാമതെത്തിയ ബ്രിട്ടന് 64. ഉക്രെയ്ന് 41, അമേരിക്ക 40 എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാര്‍. ഇന്ത്യ രണ്ട് സ്വര്‍ണമടക്കം നാല് മെഡലുമായി 43–-ാംസ്ഥാനത്തായിരുന്നു.