ബ്രിട്ടീഷ് ഡെർബി സമാസമം
നാട്ടുകാരായ ഇംഗ്ലണ്ടും സ്കോട്ലന്ഡും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. താരനിബിഢമായ ഇംഗ്ലീഷ് ടീമിന് പക്ഷെ ഒരിക്കൽ പോലും പൂർണ മേധാവിത്വം മത്സരത്തിൽ സ്കോട്ലൻഡ് കൊടുത്തില്ല എന്ന് പറയേണ്ടി വരും. പ്രീമിയർ ലീഗ് കളിക്കുന്ന സ്കോട് മാക്റ്റമിനായ്, ആൻഡ്രൂ റോബർട്സൺ, കീരൻ റ്റീർണീ എന്നിവർ നയിച്ച പ്രതിരോധം ശക്തമായി ഇംഗ്ലീഷ് ആക്രമണങ്ങളെ ചെറുത്തു. ആക്രമണത്തിലും സ്കോട്ലൻഡ് പിന്നിൽ പോയില്ല. 11 ഷോട്ടുകൾ ഇംഗ്ലീഷ് പാളയത്തിലേക്ക് ലക്ഷ്യം നോക്കി അവർക്ക് പായിക്കാൻ സാധിച്ചു. മികച്ച കുറച്ചു അവസരങ്ങളും അവർക്ക് സൃഷ്ഠിക്കാൻ സാധിച്ചു.
കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ചു, കയിൽ വോക്കറിന് പകരം റീസ് ജെയിംസും, ട്രിപ്പിയെറിനു പകരം ലൂക്ക് ഷോയുമാണ് ഇന്ന് ഇംഗ്ലണ്ടിനായി കളത്തിൽ ഇറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ ഇംഗ്ലണ്ടിന് നടന്നില്ല. മധ്യനിര താരം ഫിലിപ്പ്സും സ്ട്രൈക്കർ കെയ്നും നിറം മങ്ങി പോയത് ഇംഗ്ലീഷ് ആക്രമണങ്ങളെ സാരമായി ബാധിച്ചു. ഫോഡനും, സ്റ്റെർലിങ്ങിനും കാര്യമായി ഒന്നും സംഭാവന നല്കാൻ സാധിച്ചില്ല. ജോൺ സ്റ്റോൺസിന്റെ ഒരു ഹെയ്ഡഡർ ബാറിൽ തട്ടി പോയതായിരുന്നു അവരുടെ ഏറ്റവും നല്ല ചാൻസ്.
ഏതായാലും 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ഉറപ്പിച്ച പോലെയായി. അടുത്ത മത്സരത്തിൽ സമനില വഴങ്ങിയാലും അവർക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. എന്നാലും ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശിക്കാനായിരുക്കും അവർ ശ്രമിക്കുക. വെറും 1 പോയിന്റുമായി സ്കോട്ലൻഡ് ഗ്രൂപ്പിൽ അവസാനമാണ്. അവരുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിയച്ചു കഴിഞ്ഞിരിക്കുന്നു.






































