ഹങ്കറിയുടെ ചെറുത്തു നിൽപ്പ് വിഫലം; പോർച്ചുഗലിന് മൂന്ന് ഗോൾ വിജയം
രണ്ടു വർഷങ്ങൾക്ക് ശേഷം സ്റ്റേഡിയത്തിൽ കാണികൾ നിറഞ്ഞു നിന്ന് നടന്ന ആദ്യ മത്സരത്തിൽ പോർച്ചുഗലിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം. 84 ആം മിനുട്ട് വരെയും സ്വന്തം കാണികളുടെ മുന്നിൽ പോർച്ചുഗിസ് ആക്രമണങ്ങളെ ചെറുത്ത ഹങ്കറി, നിരാശാജനകമായ തോൽവി ഏറ്റു വാങ്ങി. ഇവിടെ വിജയം തങ്ങൾക്ക് ഒരു ചര്യയാണ് എന്ന് പോർച്ചുഗൽ തെളിയിച്ചതാണ് നാം കണ്ടത്.
സ്വന്തം കാണികളുടെ മുന്നിൽ കളിയ്ക്കാൻ സാധിച്ചത് ഹങ്കറി തുടക്കം മുതലേ ശ്രമിച്ചു. ആരാധകരുടെ ആരവത്തിന്റെ ആവേശത്തിൽ അവർ പോർച്ചുഗലിന് തക്ക പ്രതിരോധം തീർത്തു. ബോൾ ഇല്ലാത്തപ്പോൾ അവർ കാണിച്ച വ്യഗ്രത പോർച്ചുഗലിന്റെ അവസരങ്ങൾ എല്ലാം നിഷ്പ്രഭമാക്കി. രണ്ടാം പകുതിയിൽ ആക്രമണത്തിലും അവർ പോർച്ചുഗലിന് ഒപ്പം നിന്നു. പക്ഷെ ഒന്നുമില്ലായിമയിൽ നിന്ന് 84 ആം മിനുട്ടിൽ പോർച്ചുഗൽ വല ചലിപ്പിയ്ക്കുന്നു. അതും ആരും പ്രതീക്ഷിക്കാത്ത ലെഫ്റ്റ് വിങ് ബാക്കായ ഗാറെറോയും. ഒരു ഡിഫ്ളക്ഷൻ ഇല്ലായിരുന്നെങ്കിൽ അത് ഗോളും ആകില്ലായിരുന്നു.
പിന്നീട് തുടരെ തുടരെ രണ്ടു ഗോളുകൾ അടിച്ചു പോർച്ചുഗൽ വിജയം ഉറപ്പിച്ചു. രണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ വക ആയിരുന്നു [87′, 90+2′]. ആദ്യത്തേത് പെനാൽറ്റി ആയിരുന്നെങ്കിൽ രണ്ടാമത് ഓപ്പൺ പ്ലേയിൽ നിന്ന് വന്നതായിരുന്നു. ഇതോടെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോഡും [11] റൊണാൾഡോ സ്വന്തമാക്കി.
ഈ ഫലത്തിനെ വിധിയുടെ ക്രൂരത എന്ന് ഹങ്കറി ആരാധകർ കരുതിയാൽ കുറ്റം പറയാൻ പറ്റില്ല. പക്ഷെ ‘ Fortune favours the bold’ എന്നാണല്ലോ.






































