Player to watch : വൗട്ട് വാഗ്‌ഹോസ്റ്റ്
18 വയസ്സ് വരെ ഒമ്പതാമത്തെ ഡിവിഷനിൽ കളിക്കുക. പ്രൊഫഷണൽ കോൺട്രാക്ട് ഒരു ക്ലബ് നീട്ടുന്നത് വെറും രണ്ടു വർഷങ്ങൾക്ക് മുമ്പും. എന്നാൽ കഴിഞ്ഞ ബുണ്ടസ്‌ലീഗ സീസണിൽ 20 ഗോളും 9 അസിസ്റ്റുമാണ് ഈ 28കാരൻ ടീമിനായി ലീഗിൽ മാത്രം നേടിയത്. അതിൽ രണ്ടു ഹാറ്റ് ട്രിക്കും ഉൾപെടും. ഈ പ്രകടനത്തിന്റെ തോളിലേറി വൂൾവ്‌സ്ബർഗ് 6 വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടി.
യൂറോ കപ്പിന് ഇറങ്ങുന്ന 2019 നേഷൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഡച്ച് പടക്ക് മുതൽ കൂട്ടാണ് ഈ 6’6 ” ഉയരമുള്ള സ്‌ട്രൈക്കർ. ബോക്സിനുള്ളിലെ തികഞ്ഞ വേട്ടക്കാരൻ. ഡച്ച് ലുക്കാക്കു എന്ന് പലരും ഇപ്പളെ വിളിച്ചും തുടങ്ങിയിരിക്കുന്നു. ഇരു കാലും അനായാസം വഴങ്ങുന്ന വാഗ്‌ഹോസ്റ്റ്, ഹൈ ബോളിലും ഡിഫെൻഡർമാർക്ക് തലവേദന ശ്രിഷ്ട്ടിക്കും. മാരക ഫോമിൽ കളിക്കുന്ന മെംഫിസ് ഡീപേയും [ലിയോൺ] ഡാനിൽ മലേനും [പി.എസ്.വി.] കൂടി വിങ്ങിൽ സപ്പോർട്ട് നല്കാൻ ഉള്ളപ്പോൾ വാഗ്‌ഹോസ്റ്റിനെ പിടിച്ചു നിറുത്താൻ എതിർ ടീമുകൾ ബുദ്ധിമുട്ടും. വൈനാൽഡവും ഡി യോങ്ങും നേത്രത്വം നൽകുന്ന ഡച്ച് മധ്യനിരക്ക് കാര്യങ്ങൾ എളുപ്പമാക്കാനുള്ള വർക്ക് റേറ്റും ഇദ്ദേഹത്തിനുണ്ട്.
ഏത് ടീമിനെയും തങ്ങളുടേതായ ദിവസത്തിൽ മലർത്തിയടിക്കാനുള്ള മികവൊക്കെ ഡച്ച് ടീമിനുണ്ട്. ടോപ് ലെവലിൽ അനുഭവസമ്പത്തുള്ള ഡി ലൈറ്റ്, ഡി യോങ്, വൈനാൾഡാം പോലുള്ള സൂപ്പർ താരങ്ങളും അവർക്ക് ഉണ്ട്.പക്ഷെ വാൻ പേഴ്സിക്ക് ശേഷം ഒരു മികച്ച സ്‌ട്രൈക്കർ അവർക്ക് അന്ന്യം നിന്നു. ഒരു ഹാരി കെയ്ൻ നിലവാരത്തിലേക്ക് വാഗ്‌ഹോസ്റ്റ് ഉയർന്നാൽ യൂറോയിൽ ഡച്ചുകാർ തരംഗം സൃഷ്ടിക്കും.