Player to watch : ജാക്ക് ഗ്രെലിഷ്
എന്നും മികച്ച ടീമായി കളിക്കാനിറങ്ങുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ട്. ലോകത്തെ ഏറ്റവും മത്സരസ്വരൂപമായ ലീഗും അവരുടേത് തന്നെ. എന്നാൽ അകെ ഒരു ലോക കപ്പ് മാത്രമാണ് അവരുടെ സമ്പാദ്യം. യൂറോയിലാകട്ടെ സെമി വരെ മാത്രമേ അവർക്ക് ഇന്നേ വരെ എത്താൻ സാധിച്ചിട്ടുള്ളു. ഇതിന് പ്രധാന കാരണമായി പലരും ചൂണ്ടി കാണിക്കുന്നത് എതിർ പാളയത്തിൽ ബുദ്ധിപൂർവമായ നീക്കങ്ങൾ വഴി വിള്ളലുകൾ ഉണ്ടാക്കാൻ കഴിവുള്ള കളിക്കാരുടെ അഭാവമാണ്. ഒരു ഇനിയേസ്റ്റ, അല്ലെങ്കിൽ ബെർഗ്കാമ്പിനെ അവർക്ക് പലപ്പോഴും ആവശ്യമായിരുന്നു. ഒരു പാസിൽ പ്രധിരോധ നിരയെ കീറി മുറിക്കുന്ന, ഒരു ടേണിൽ സ്പേസ് ക്രിയേറ്റ് ചെയ്യുന്ന, സുന്ദരമായ ഫസ്റ്റ് ടച്ച് പ്രകടിപ്പിക്കുന്ന ഒരു താരം ഇംഗ്ലണ്ടിന് എന്നും അന്ന്യമായിരുന്നു.ലാമ്പാടും ജർറാഡും മോശക്കാരായിരുന്നു എന്ന് ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല. പക്ഷെ ഇനിയേസ്റ്റ, ബെർഗ്കാമ്പ്, പിർലോ, നെഡ്‌വേഡ് എന്നിവരെ പോലുള്ള മജീഷ്യന്മാർ അവർക്ക് കുറവായിരുന്നു.
ആ വിടവ് നികത്താൻ കഴിവുള്ള ഒരു താരമാണ് ഗ്രെലിഷ്. ജൻമം കൊണ്ട് അയർലണ്ട് കാരൻ ആണെങ്കിലും 2016 ൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു. 25 വയസ്സ് മാത്രം പ്രായമുള്ള ഗ്രെലിഷ് സാക്ഷാൽ ലൂയിസ് ഫിഗോയെ ഓർമപ്പെടുത്തുന്നു എന്ന് മൊഴിഞ്ഞത് മൊറീഞ്ഞോ ആയിരുന്നു.
ലെഫ്റ് വിങ് ആണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. എന്നാൽ നമ്പർ 10 റോളും ഭംഗിയായി വിനയോഗിക്കാൻ അദ്ദേഹത്തിന് സാധിക്കും. മേസൺ മൗണ്ടിനൊപ്പം പൊസിഷൻ മാറി മാറി കളിച്ചു എതിരാളികളെ കുഴപ്പിക്കാനായിരിക്കും സൗത്ത് ഗേറ്റ് ഗ്രെലീഷിനെ ഉപയോഗിക്കുക. ആസ്റ്റൺ വില്ലക്കായും ഇംഗ്ലണ്ടിനായും തകർപ്പൻ ഫോമിലാണ് താരം. ലീഗിൽ മാത്രം 6 ഗോളും 12 അസിസ്റ്റും അദ്ദേഹം ടീമിന് സംഭാവന ചെയ്തിരുന്നു. പരിക്ക് മൂലം 12 മത്സരങ്ങളിൽ പുറത്തിരുന്നിട്ടാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയതെന്നു പ്രത്യേകം എടുത്ത് പറയണം.
ഫിൽ ഫോഡനും ഇതേ പൊസിഷനിൽ തിളങ്ങി നിൽക്കുന്നത്, ടീം സെക്ഷന്റെ കാര്യത്തിൽ മാനേജർക്ക് തലവേദന ശ്രിഷ്ട്ടിക്കും. റഹീം സ്റ്റെർലിങ്, സാഞ്ചോ എന്നിവരെയും ഈ പൊസിഷനിൽ ഇംഗ്ലണ്ട് പരീക്ഷിച്ചേക്കും. പക്ഷെ നമ്പർ 10 ആയി മൗണ്ടും, ലെഫ്റ് വിങ്ങിൽ ഗ്രെലിഷും വരുമ്പോളാണ് ഇംഗ്ലണ്ട് കൂടുതൽ അക്രമകാരികൾ.