എക്കാലത്തെയും മികച്ച ടെന്നീസ് മത്സരങ്ങളിൽ ഒന്ന്
കായിക ലോക ചരിത്രം കണ്ട എക്കാലത്തെയും വലിയ ആധിപത്യം ആണ് നദാലിന്റെ ഫ്രഞ്ച് ഓപ്പൺ..17 വർഷത്തിൽ 107 മത്സരത്തിൽ നദാൽ തോറ്റത് 2 കളിയിൽ ,മാത്രം.. നേടിയത് 13 കിരീടങ്ങൾ..!! തോൽപ്പിക്കുക എന്നത് പോട്ടെ..രണ്ട് സെറ്റ് പോലും ഇങ്ങേരോട് ഒരു കളിൽ നേടിയ 3 പേരെ ഉണ്ടായിരുന്നുള്ളൂ..
6-0 , 6-2, 7-5..!! കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാൽ ജോക്കോയെ അടിച്ച് തൂക്കി ഭിത്തിയിൽ ഒട്ടിച്ച സ്കോർ ലൈൻ ആയിരുന്നു ഇത്..!! അത് കൊണ്ട് തന്നെ ഇന്ന് 5-0 ലീഡ് ആദ്യ സെറ്റിൽ നദാൽ നേടിയതോടെ ചരിത്രം ആവർത്തിക്കുന്നത് ജോക്കോ മുതൽ ജോക്കോ ഫാൻസ് വരെ കരുതി കാണും..!! എന്നാൽ പിന്നീട് നടന്നത് അവിശ്വസനീയം..!! ചരിത്രം..!!
ആദ്യ സെറ്റിൽ മൂന്ന് ഗെയിം വിജയിച്ചു നദാലിന്റെ ആധിപത്യം അനുവദിച്ചു കൊടുക്കില്ല എന്നുള്ള മുന്നറിയിപ്പ്. രണ്ടാം സെറ്റ് 6 – 3 നു വിജയിച്ചു നദാലിന്റെ മേൽ സമ്മർദ്ദം ചെലത്തുന്നു. മൂന്നാം സെറ്റ് വിജയിച്ചു മാനസിക ആനുകൂല്യം തനിക്ക് സ്വന്തമാക്കുന്നു. അഞ്ചാം സെറ്റിലേക്ക് പോകാതെ നാലാം സെറ്റും 6 – 2 നു സ്വന്തമാക്കി ഫൈനലിലേക്ക് പ്രവേശനവും നേടുന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ട് നദാലിനെ റോളണ്ട് ഗാരോസിൽ തോല്പിക്കുന്ന ആദ്യ താരമായി ജോക്കോ മാറുകയും ചെയ്തു.
ഇതിൽ എടുത്ത് പറയേണ്ടത് മൂന്നാം സെറ്റ് ആണ്. ഇത്രയധികം ആരാധകരെ മുൾമുനയിൽ നിറുത്തിയ നിമിഷങ്ങൾ അടുത്തിടെ ഉണ്ടായിട്ടില്ല. ടൈ ബ്രേക്കിലേക്ക് കടന്ന സെറ്റിലെ ഓരോ പോയിന്റിലും വ്യക്തിഗത ബ്രില്ലിയൻസ് കാണാൻ സാധിക്കും. ഒരു ജീവിത കാലം ജീവിച്ചു തീർത്ത അനുഭൂതിയാണ് ഈ രണ്ടു ലെജന്ഡ്സ് ആ സെറ്റിൽ നിറഞ്ഞാടിയപ്പോൾ കാണികൾക്ക് ലഭിച്ചത്. 34 ഉം 35 ഉം വയസ്സുള്ള അവർക്ക് എങ്ങനെ ഇതിന് സാധിക്കുന്നു എന്ന് ആലോചിക്കാത്തവർ കുറവായിരിക്കും.
c- Adharsh Ravishankar