ട്യുഷേലിന്റെ ചെൽസി തന്നെ യൂറോപ്യൻ ചാമ്പ്യന്മാർ !!
കണ്ണിമ ചിമ്മാതെ അല്ലാതെ നിങ്ങൾക്ക് ഈ മത്സരം കാണാൻ സാധിക്കുക ഇല്ല. അത്രയധികം പൂർണതയോടെ മത്സരത്തെ സമീപിച്ച രണ്ടു ടീമുകൾ. അതിൽ അർഹതപ്പെട്ട വിജയം ട്യുഷേലിന്റെ ചെൽസി നേടിയെടുത്തിരിക്കുന്നു. ഗാർഡിയോളക്കും സിറ്റിക്കും ഇതിലും പൂർണതയോടെ ചാമ്പ്യൻസ് ലീഗിനെ അടുത്ത വട്ടം സമീപിക്കാം.
ഫെർണാഡിഞ്ഞോയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തെ ഗാർഡിയോളക്ക് സ്വയം ശപിക്കാം. ആദ്യ സെക്കന്റ് മുതൽ ഗ്രൗണ്ടിലെ ഓരോ ഇഞ്ചിനും വേണ്ടി കിടപിടിക്കുന്ന ടീമുകളെ ആണ് ഇന്ന് കളത്തിൽ കണ്ടത്. അഞ്ചു ഡിഫെൻഡേർസ് ആയി ഇറങ്ങിയ ചെൽസിയെ നേരിട്ടത് ആറു ആക്രമണ സ്വഭാവമുള്ള സിറ്റി മധ്യനിരക്കാർ. പക്ഷെ ആക്രമണത്തിൽ ചെൽസി കൂടുതൽ അപകടകാരിയായി മാറുന്ന വിചിത്ര കാഴ്ച്ച നാം കാണേണ്ടി വന്നു. ടിമോ വെർണറുടെയും കായ് ഹാവെർട്സിന്റെയും മിന്നലാട്ടങ്ങൾ സിറ്റിയുടെ താളം തെറ്റിക്കുന്നുണ്ടായിരുന്നു. ഫെർണാഡിഞ്ഞോയോ, റോഡ്രിയോ പോലത്തെ ഹോൾഡിങ് മിഡ്ഫീൽഡർസ് ഇല്ലാതെ ഇറങ്ങിയ സിറ്റിയെ കൌണ്ടർ അറ്റാക്കിങ് ഫുട്ബാളിന്റെ പരിപൂർണതയിൽ ചെൽസി മുക്കി കളഞ്ഞു. കാന്റെയും ജോർജ്ജിഞ്ഞോയും കൂടി അരങ്ങു വാണപ്പോൾ സിറ്റിയുടെ ബാലൻസ് അപ്പാടെ തെറ്റി. ഒരിക്കൽ പോലും ചെൽസി ഗോൾ കീപ്പർ മെൻഡിയെ അസ്വസ്ഥമാക്കാൻ ഡി ബ്രൂയാന നേത്രത്വം കൊടുത്ത സിറ്റി ആക്രമണ നിരക്ക് സാധിച്ചുമില്ല.
വിജയം കയ്യിക്കുള്ളിലാക്കിയ നിമിഷം പിറന്നത് 42 ആം മിനുട്ടിൽ ആയിരുന്നു. ഗോളി മെൻഡി തുടക്കം കുറിച്ച നീക്കം, മൗണ്ടിന്റെ പാസ്സോടെ സിറ്റി പ്രതിരോധത്തെ കീറി മുറിച്ചു ഹാവെർട്സിന്റെ കാൽ ചുവട്ടിൽ. എഡേഴ്സനെ അനായാസം മറികടന്ന ജർമൻകാരൻ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഉന്നം തെറ്റാതെ ഷോട്ട് പായിച്ചു. വളരെ സിമ്പിൾ ആയി ചെൽസി മുന്നിൽ. ടാക്ടിക്കൽ ബ്രില്ലിയൻസിന് പേര് കേട്ട സിറ്റി, ചെൽസിയുടെ സിമ്പിൾ ഗേമിന് മുമ്പിൽ അടിയറവ് പറഞ്ഞു.