മൌണ്ട് vs ഫോഡൻ – കളിക്കളത്തിൽ ആര് നിറഞ്ഞാടും ?
യുവ പ്രതിഭകൾക്ക് കായിക ലോകത്ത് വളരെ പ്രസക്തി ഉണ്ട്. പ്രത്യേകിച്ച് വലിയ മത്സരങ്ങളിൽ. അതിന്റെ പ്രധാന കാരണം നഷ്ടപ്പെടാൻ അധികമില്ലാത്തമവരാണ് പൊതുവെ അവർ. ആയതിനാൽ ആവേശം ഒരൽപം കൂടും.
ഇന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇന്ന് ലോകം രണ്ടു യുവ പ്രതിഭകളെ ഉറ്റു നോക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനും [21 വയസ്സ്] ചെൽസിയുടെ മേസൺ മൗണ്ടും [22 വയസ്സ്]. രണ്ടു പേർക്കും ഒത്തിരി സാമ്യതകൾ ഉണ്ട്. ഒന്നാമതായി രണ്ടു പേരും ക്ലബ്ബുകളുടെ യൂത്ത് അക്കാദമയിൽ നിന്ന് വളരെ ചെറുപ്പത്തിലേ വളർന്നു വന്ന താരങ്ങളാണ്. പിന്നെ രണ്ടു പേരും ഇംഗ്ലീഷുകാരും ആണ്. ഈ സീസണിൽ മിന്നും പ്രകടനങ്ങൾ കാഴ്ച്ച വെച്ച് ആരാധകരുടെ മനം അവർ കവർന്നു കഴിഞ്ഞിരിക്കുന്നു. നിർണായക ഫൈനലിൽ അവർ നിറഞ്ഞു കളിയ്ക്കാൻ ആരാധകർ ഉള്ളുരുകി പ്രാത്ഥിക്കുന്നു.
ഇതിൽ വലിയ ഹൈപ്പോടു കൂടി വന്ന താരം ഫോടനാണ്. മെസ്സിയെക്കാൾ മികച്ച പ്രതിഭ എന്ന് ഗാർഡിയോള വിശേഷിപ്പിച്ചത് രണ്ടു കൊല്ലം മുമ്പാണ്. പക്ഷെ പ്രതിഭയുടെ മിന്നലാട്ടം ഫോഡണിൽ നമ്മൾ കണ്ടത് ഈ സീസണിലും. ഐതിഹാസിക തലത്തിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിക്കുമോ. ഏതായാലും ടീമിന്റെ അമിതഭാരം തന്റെ തോളിലില്ല എന്നുള്ളത് ഫോഡന് ഗുണം ചെയ്തേക്കും.
എന്നാൽ അതിന് തനി വിപരീതമാണ് മൗണ്ട്. കഴിഞ്ഞ സീസണിൽ ട്രാൻസ്ഫർ ബാൻ ചെൽസി നേരിട്ടത് കൊണ്ട് ഒത്തിരി അക്കാദമി പ്ലയേഴ്സിന് അവസരം ലഭിക്കുക ഉണ്ടായി. ആ അവസരം മുതലാക്കി കഴിവ് തെളിയിച്ച താരമാണ് മൌണ്ട്. മാത്രമല്ല ആക്രമണത്തിന് ചെൽസി അദ്ദേഹത്തെ അധികമായി ആശ്രയിക്കുന്നുമുണ്ട്. ലീഗിൽ ആഴ്സണലിന് എതിരായ മത്സരത്തിൽ മൗണ്ടിനെ പൂട്ടിയാൽ ചെൽസിയെ പൂട്ടാം എന്ന് ഗണ്ണേഴ്സ് തെളിയിക്കുകയും ചെയ്തു. ഫെർണാഡിഞ്ഞോ എന്ന മല്ലനെ മുൻനിർത്തി ഗാർഡിയോള മൗണ്ടിനെ പ്രത്യേകം ശ്രദ്ധിക്കും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ഏതായാലും തങ്ങളുടെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ഇരുവർക്കും കിട്ടിയ നല്ലൊരു അവസരമാണ് ഇത്. അത് വിനിയോഗിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. മാത്രമല്ല അവർ നിറഞ്ഞാടുന്നത് കാണാനുള്ള അവസരം ഉണ്ടാകാൻ ആഗ്രഹിക്കാം.






































