ആന്റിക്ലൈമാക്സിന്റെയും പിരിമുറുക്കത്തിൻെറയും ആവേശം നിറഞ്ഞ മത്സരം
31 റൺസ് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ 100 പോലും കടക്കില്ലെന്ന് കരുതിയ ടീമിനെ ഏറ്റവും വലിയ ഒരു പരാജയമായിരുന്നു തുറിച്ചു നോക്കിയിരുന്നത് .എന്നാൽ അതിനുശേഷം ആ ടീമിനെ അതെ എതിരാളികൾ ഭയക്കുന്ന ഒരു അപൂർവ കാഴ്ചയാണ് പിന്നീട് കണ്ടത് .
അടുത്ത 6 ഓവറിൽ പിറക്കുന്നത് 80 റൺസുകൾ . ഇടതടവില്ലാതെ സിക്സറുകളും ഫോറുകളും .എന്തും സംഭവിക്കാവുന്ന അവസ്ഥ .ചെന്നൈയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച ആന്ദ്രെ റസ്സൽ എന്ന പവർഹൗസ് വെറും 21 പന്തിൽ 6 സിക്സറും 3 ഫോറുകളും അടിച്ചുകൊണ്ട് മത്സരത്തെ റാഞ്ചി കൊണ്ടുപോകും എന്നു തോന്നിയ നിമിഷങ്ങൾ .
ആദ്യത്തെ 5 ഓവറുകളിൽ ദീപക് ചഹാറിൻ്റെ സ്വിങ്ങ് മാജിക്കിൽ 4 വിക്കറ്റ് കേൾക്കുന്നത് സ്വന്തമാക്കിയപ്പോൾ കൊൽക്കത്ത നിരയിലെ ഒരാൾക്കും രണ്ടക്കം പോലും കാണാനായില്ല .തുടർന്നുള്ള 5 ഓവറുകൾ റസ്സൽ ക്രീസ് ഭരിക്കുകയായിരുന്നു .താക്കൂറിൻ്റെ ഓരോറിൽ 24 റൺസ് അടിച്ചു കൂട്ടി അയാൾ പാളയത്തിലേക്കു പട നയിക്കുകയായിരുന്നു.
ഒടുവിൽ ഒരു ആൻറി ക്ലൈമാക്സ്. ലെഗ് സൈഡിലേക്ക് ചെറുതായൊന്ന് ഷഫിൽ ചെയ്ത് ഒഴിഞ് മാറിയ റസ്സലിൻ്റെ ലെഗ് സ്റ്റംപ് ഇളക്കിയ സാം കറൻ ആ ഒരൊറ്റ പന്തിൽ ചെന്നൈയ്ക്ക് മത്സര വിജയം ഉറപ്പാക്കുകയായിരുന്നു .
23 പന്തിൽ 40 റൺസടിച്ച് 146 ന് 7 എന്ന നിലയിൽ 15 ആം ഓവറിൽ കാർത്തിക് മടങ്ങുമ്പോൾ റൺറേറ്റ് 10 നടുത്തെത്തിയെങ്കിലും മത്സരം അതോടെ അവസാനിച്ചെന്ന് കരുതിയതായിരുന്നു .
എന്നാൽ അവിടെ മറ്റൊരു ത്രില്ലറിന് അരങ്ങുണരുകയായിരുന്നു .
തൻ്റെ ബൗളിങ്ങ് പ്രതാപത്തിന് മങ്ങലേല്പിച്ച ചെന്നൈയെ ജീവനോടെ ചുട്ടു കരിക്കാൻ എന്ന പോലെയാണ് കമ്മിൻസ് ബാറ്റ് വീശിയത് .16 ആം ഓവറിൽ സാം കറനെ ഹാട്രിക് സിക്സർ അടക്കം 4 സിക്സർ പറത്തിയ ഓവറിൽ പിറന്നത് 30 റൺസ് !!
4 ഓവറിൽ ലക്ഷ്യം 45 ലേക്ക് ചുരുങ്ങി .
അതിനിടെ 23 പന്തിൽ കമ്മിൻസിന് 50 .
2 ഓവറിൽ 28 .കമ്മിൻസ് പോരാട്ടം തുടർന്നു .10 പന്തിൽ 22 ൽ വരെ എത്തിക്കാൻ കൂട്ടാളികളില്ലാതെ അയാൾക്ക് പറ്റി .ഒടുവിൽ 6 പന്തിൽ 20 ലേക്കും .
ഒടുവിൽ ഒരറ്റത്ത് 34 പന്തിൽ 4 ഫോറും 6 സിക്സറുകളും പറത്തി 66 റൺസുമായി അയാൾ ,കമ്മിൻസ് മാത്രമായി .ചെന്നൈക്ക് 18 റൺ ജയം
ഒരു ത്രില്ലറിലേക്ക് മത്സരത്തേക്ക് നീട്ടിയ കമ്മിൻസ് ഹൃദയങ്ങളാണ് കീഴടക്കിയത്.
5 വിക്കറ്റുകൾ നഷ്ടപ്പെട്ടതിനു ശേഷം വന്ന് 23 പന്തിൽ ഒരാൾ 40 ഉം 21 പന്തിൽ ഒരാളും 23 പന്തിൽ മറ്റൊരാളും അർധസെഞ്ചുറി നേടിയിട്ടും മത്സരം തോൽക്കുമ്പോൾ കൊൽക്കത്തയുടെ ടോപ് ഓർഡർ നിര എത്ര മാത്രം ഉത്തരവാദിത്തമില്ലായ്മയോടെയാണ് കളിച്ചതെന്ന് മനസിലാക്കാം .4 ഓവറിൽ 58 റൺസ് വഴങ്ങിയിട്ടും റസലിനെ വീഴ്ത്തിയ സാം കുറാൻ്റെ പന്തായിരുന്നു മത്സരത്തിലെ നിർണായകം എന്നത് വിരോധഭാസമാകാം .
……. ചെന്നൈ കുതിപ്പ് തുടങ്ങുകയാണ് …. മറ്റൊരു കീരീടത്തിനായി