‘THE COMPLETE STRIKER’
240 ലീഗ് മത്സരങ്ങളിൽ നിന്ന് 164 ഗോളുകൾ. 24 തവണ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയപ്പോൾ അടിച്ചു കൂട്ടിയത് 20 ഗോളുകൾ. യൂറോപ്പ ലീഗിലാകട്ടെ 36 മത്സരങ്ങളിൽ നിന്ന് 13 ഗോളും. ഈ സീസണിൽ ഇത് വരെ വാരികൂട്ടിയത് 21 ഗോളുകൾ. 20 + ഗോളുകൾ ഒരു സീസണിൽ നേടുന്നത് ഇത് അഞ്ചാം തവണയും. അലൻ ഷിയററും [7] അഗ്വേറോയും [6] മാത്രമാണ് അഞ്ചിൽ കൂടുതൽ സീസണുകളിൽ 20+ ഗോളുകൾ നേടിയിട്ടുള്ള താരങ്ങൾ. ഇവിടെ ചേർത്തിരിക്കുന്നത് 27 വയസ്സ് മാത്രം പ്രായമുള്ള ഹാരി കെയ്ൻ എന്ന പൂർണത കൈവരിച്ച ഇംഗ്ലീഷ് സ്‌ട്രൈക്കറുടെ റെക്കോഡ് ബുക്കിലെ ചില ഏടുകളാണ്.
2014 ൽ സീനിയർ ടീമിൽ ഇടം പിടിച്ച നാൾ മുതൽ കെയ്ൻ ഇംഗ്ലണ്ടിൽ ഒരു തരംഗമാണ്. ആദ്യ സീസണിൽ ടീമിനായി അടിച്ചു കൂട്ടിയത് 31 ഗോളുകൾ ആണ്. ഏറ്റവും മികച്ച യുവ താരമെന്ന ബഹുമതിയും കന്നി സീസണിൽ മേടിച്ചെടുക്കുകയും ചെയ്തു. ഇരു കാല് കൊണ്ടും തലകൊണ്ടും അപകടകാരിയായ കെയ്ൻ ഗോൾ മുഖത്തു മുഴക്കുന്ന ഭീഷണി വളരെ വലുതാണ്. ഫാൾസ് 9, വിങ്ങർ എന്നീ പൊസിഷനിലും ടീമിന് കെയ്‌നിന്റെ സേവനം തേടാവുന്നതാണ്.
ഒരു മികച്ച ടീം പ്ലയെർ കൂടി ആണ് ഈ ഇംഗ്ലീഷ് താരം. തന്നെ വളർത്തി വലുതാക്കിയ ടീമിനോട് കൂറും ഉണ്ട്. പക്ഷെ എത്ര നാൾ കെയ്‌നിന്റെ സേവനം ടോട്ടൻഹാമിന് പിടിച്ചു നിറുത്താൻ സാധിക്കും എന്ന് കണ്ടറിയണം. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി പോലുള്ള ക്ലബ്ബുകൾ താരത്തിന്റെ സേവനത്തിനായി വട്ടമിട്ട് പറക്കുന്നുണ്ട്. അല്ലെങ്കിലും കരിയറിൽ ഒരു ഉയർച്ചക്ക് ഒരു നല്ല മാറ്റം കെയ്‌നിനും അത്യാവശ്യമാണ്. 7 കൊല്ലം ഒരു ട്രോഫി പോലും നേടാനാവാതെ ടോട്ടൻഹാമിൽ തുടർന്ന താരം കുറച്ചു കൂടി മികച്ച മേച്ചിൽ പുറങ്ങൾ അർഹിക്കുന്നു.






































